വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയുമായി ഡല്‍ഹി സര്‍ക്കാര്‍

നിതകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ ബസ് യാത്രാ പദ്ധതിയ്ക്ക് ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ തുടക്കമാവും. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ഡിടിസി) ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമാണ് സൗജന്യ യാത്ര ലഭ്യമാക്കുക. ഡിടിസി, ക്ലസ്റ്റര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്ന വനിതകള്‍ക്കു പ്രത്യേകമായി തയാറാക്കിയ പിങ്ക് നിറത്തിലുള്ള ടിക്കറ്റാവും നല്‍കുക. ഇത്തരത്തില്‍ വിതരണം ചെയ്ത ഓരോ ടിക്കറ്റിനും 10 രൂപ വീതം മൂല്യം കണക്കാക്കിയാണ് ഡിടിസിക്കും ക്ലസ്റ്റര്‍ ബസിനുമുള്ള ധനസഹായം അനുവദിക്കുക.

വനിതകളുടെ സൗജന്യ യാത്ര പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ ഓഗസ്റ്റില്‍ ചേര്‍ന്ന വര്‍ഷകാല സമ്മേളനത്തില്‍ വകയിരുത്തിയത്. ഇതില്‍ 90 കോടിയോളം രൂപയാണു ഡിടിസിക്കും 50 കോടി രൂപയാണു ക്ലസ്റ്റര്‍ ബസ്സുകള്‍ക്കുമായി ലഭിക്കുക. അവശേഷിക്കുന്ന 150 കോടി രൂപ ഡല്‍ഹി മെട്രോയുടെ വിഹിതമാണ്. എന്നാല്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഡല്‍ഹി മെട്രോയിലെ സൗജന്യ യാത്ര സംബന്ധിച്ച തീരുമാനം വൈകുന്ന സാഹചര്യത്തിലാണു തലസ്ഥാനത്തെ ബസുകളില്‍ വനിതകള്‍ക്കു സൗജന്യ യാത്ര അനുവദിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ വനിതകള്‍ക്കു സൗജന്യ യാത്ര അനുവദിക്കാന്‍ ഓഗസ്റ്റ് 29നു ചേര്‍ന്ന ഡല്‍ഹി മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിടിസി ബോര്‍ഡ് യോഗമാണ് അംഗീകാരം നല്‍കിയത്. ‘ഭായ് ദുജ്’ ആഘോഷിക്കുന്ന ഒക്ടോബര്‍ 29നു പദ്ധതി പ്രാബല്യത്തിലെത്തുമെന്നും ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ 3,781 ഡി ടി സി ബസുകളും 1,704 ക്ലസ്റ്റര്‍ ബസുകളുമാണു നിലവില്‍ സര്‍വീസ് നടത്തുന്നത്.

Top