കലാപത്തില്‍ എഎപിക്ക് പങ്കുണ്ടെങ്കില്‍ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കും; കെജ്രിവാള്‍

ന്യൂഡല്‍ഹി: യുദ്ധസമാനമായ ഡല്‍ഹിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മാത്രമല്ല കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഡല്‍ഹി ഇപ്പോള്‍ ശാന്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കലാപ കേസുകളില്‍ അടിയന്തരമായി വിചാരണ ആരംഭിക്കാനായി നാല് അധിക മജിസ്‌ട്രേട്ടുമാരെ കൂടി നിയമിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കലാപത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ രാഷ്ട്രീയം നോക്കാതെ ഇരട്ടിശിക്ഷ നല്‍കും. ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല കലാപം നടത്തിയ അക്രമികള്‍ എഎപി പ്രവര്‍ത്തകന്റെ വീട്ടില്‍ കല്ലും ബോംബും സൂക്ഷിച്ചിരുന്നതായും നേതാവിന്റെ വീടിന് മുകളില്‍ നിന്ന് ബോംബ് എറിഞ്ഞത് കണ്ടതായും ദൃക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കെജ്രിവാള്‍ പ്രസ്താവന നടത്തിയത്.

Top