18 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്. 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്.

‘നേരത്തെ, സാമ്പത്തിക പ്രതിസന്ധികളുള്ള ഡല്‍ഹി നിവാസികള്‍ തങ്ങളുടെ ആണ്‍മക്കളെ സ്വകാര്യ സ്‌കൂളുകളിലേക്കും പെണ്‍മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുമാണ് അയച്ചിരുന്നത്. 95 ശതമാനം പെണ്‍കുട്ടികളും, അവരുടെ സഹോദരങ്ങള്‍ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ ഐഐടി, നീറ്റ് പരീക്ഷകളില്‍ വിജയിക്കുന്നു,’ അതിഷി പറഞ്ഞു.

സമ്പന്ന കുടുംബത്തിലെ കുട്ടി സമ്പന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡല്‍ഹി ധനമന്ത്രി പറഞ്ഞു. ‘2015 മുതല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ 22,711 പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ സര്‍ക്കാരിന്റെ മുന്‍ഗണന… ഈ വര്‍ഷം വിദ്യാഭ്യാസത്തിനായി 16,396 കോടി രൂപ വകയിരുത്തിയിട്ടുണ്ട്,’ അതിഷി വ്യക്തമാക്കി

ബജറ്റില്‍ 8,685 കോടി രൂപ ഡല്‍ഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ കീഴില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും, മൊഹല്ല ക്ലിനിക്കുകള്‍ക്ക് 212 കോടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിര്‍മാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

Top