മോര്‍ഫ് ചെയ്ത ചിത്രം കാട്ടി പണം തട്ടാന്‍ ശ്രമം; കൊല്ലം സ്വദേശി ഡല്‍ഹി പൊലീസിന്റെ പിടിയില്‍

കൊല്ലം: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി പണം തട്ടാന്‍ ശ്രമിച്ച മലയാളി യുവാവ് കൊല്ലത്ത് അറസ്റ്റിലായി. ഫേസ്ബുക്ക് സൗഹൃദം ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത് പതിവാക്കിയ അഖില്‍ അജയന്‍ എന്ന യുവാവാണ് ഡല്‍ഹി പോലീസിന്റെ കെണിയിലായത്.ഡല്‍ഹി സ്വദേശിനിയെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയത്.

ഫേസ്ബുക്കിലുടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കൊല്ലത്തെ ഒരു പെട്രോള്‍ പമ്പില്‍ മാനേജരായിരുന്ന പ്രതി സമൂഹമാധ്യമങ്ങളിലൂടെ നിരവധി പെണ്‍കുട്ടികളില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. ബ്രസീലിലുള്ള ഒരു പെണ്‍കുട്ടിയെയും ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിരുന്നു. അടുത്തിടെ തുര്‍ക്കിയില്‍ പോയ പ്രതി ബ്രസീലിയന്‍ പെണ്‍കുട്ടിയെ നേരില്‍ക്കണ്ട് ആറായിരം അമേരിക്കന്‍ ഡോളര്‍ തട്ടിയെടുത്ത് മടങ്ങിയെത്തിയെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നേരിട്ട് കേരളത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

Top