Delhi: Girl, 15, kidnapped, raped and sold for Rs 70,000

ഡല്‍ഹി: ഛത്തീസ്ഗഡില്‍ നിന്ന് ട്രെയിന്‍ മാറിക്കേറി ഡല്‍ഹിയിലെത്തിയ പതിനഞ്ച്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം പെണ്‍കുട്ടിയെ വിറ്റെന്നു പരാതി.

വാര്‍ത്ത വന്‍വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി.

ഇന്നലെ ഹുമയൂണ്‍ രാജാവിന്റെ ശവകുടീര പരിസരത്തുനിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ബന്ധുക്കളെ കാണാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ട്രെയിനില്‍ യാത്രചെയ്യവേയാണ് പെണ്‍കുട്ടി ഡല്‍ഹിയില്‍ എത്തപ്പെട്ടത്.

റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വില്‍ക്കുന്ന അര്‍മാന്‍ എന്ന ആളോട് സഹായം അഭ്യര്‍ഥിച്ചു.സഹായിക്കാമെന്നേറ്റ ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി സരായ് കലെ ഖാന്‍ എന്ന സ്ഥലത്തെത്തിച്ച് ഭാര്യ ഹഷീനയുടെ സഹായത്തോടെ കുട്ടിയെ പലവട്ടം പീഡിപ്പിച്ചു.

തുടര്‍ന്ന് 70,000 രൂപയ്ക്ക് പപ്പു യാദവ് എന്ന ആള്‍ക്ക് വില്‍ക്കുകയായിരുന്നു. പിന്നീട് രണ്ടുമാസം പപ്പുയാദവിനോടൊപ്പം താമസിച്ച പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ അര്‍മാന്റെ ഭാര്യ വീണ്ടും കണ്ടുമുട്ടുകയും മയക്കു പാനീയം നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം മുഹമ്മദ് അഫ്രോസ് എന്ന 22കാരന് കൈമാറുകയും ചെയ്തു.ഇയാള്‍ റെയില്‍വേ സ്റ്റേഷനടുത്തു വച്ച് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിരയാക്കിയതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍വാണിഭ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മിഷന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടി എയിംസിലെ ചികിത്സക്കു ശേഷം കൗണ്‍സിലിങ് കേന്ദ്രത്തിലേക്ക് മാറ്റി.

Top