ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ സന്നദ്ധ സംഘടനക്ക് കൈമാറി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘടനയ്ക്കാണ് പ്രതിയെ കൈമാറിയത്.
പ്രതി തല്‍ക്കാലം എന്‍ജിഒയുടെ സംരക്ഷണത്തില്‍ കഴിയും.
ഇയാളെ വിട്ടയയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യാ ഗേറ്റിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗം നടന്നത്. തെക്കന്‍ ഡല്‍ഹിയില്‍ 23 വയസുള്ള വിദ്യാര്‍ഥിനിയാണു പീഡനത്തിനിരയായത്.
ഓടുന്ന ബസില്‍ ആറു പേര്‍ ചേര്‍ന്നാണു വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച ശേഷമായിരുന്നു പീഡനം. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി 13 ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ ഏറ്റവും ക്രൂരമായി പെണ്‍കുട്ടിയോട് പെരുമാറിയത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. എന്നാല്‍ പ്രായത്തിന്റെ ആനുകൂല്യത്തില്‍ ഇയാള്‍ കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു. രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവ് മാത്രമേ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നുള്ളൂ. മറ്റ് പ്രതികള്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുകയാണ്. ഒരു പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു.


