ഡല്‍ഹിയിലെ തീപിടിത്തം : മരിച്ചവരുടെ എണ്ണം ആറായി

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള നാലുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരെ രക്ഷപെടുത്തി. അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതില്‍ താമസിച്ചിരുന്നവര്‍ അധികവും ഉറക്കത്തിലായിരുന്നതാണ് ഇത്രയും അളുകള്‍ മരിക്കാന്‍ ഇടയാക്കിയത്. കെട്ടിടത്തില്‍ വൈദ്യുത ബോക്സിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപ്പിടിത്തത്തെ തുടര്‍ന്ന് പുറത്തേക്കിറങ്ങാന്‍ സാധിക്കാതെ നിന്നവര്‍ ജീവന്‍ രക്ഷിക്കാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഇവരില്‍ പലര്‍ക്കും പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.

Top