ഡല്‍ഹിയിലെ തീപിടുത്തം; മരണം 43 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലര്‍ച്ചെ ലഗ്ഗേജ് നിര്‍മാണക്കമ്പനിയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.

പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ബാഗ് നിര്‍മ്മാണക്കമ്പനിയുടെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമികവിവരം.

ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടാകുമ്പോള്‍ ഏതാണ്ട് 50 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. തീ ആളിപ്പടര്‍ന്നതോടെ ആളുകള്‍ നിലവിളിച്ച് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. എന്നാല്‍ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയില്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

Top