ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഉയരും; ജനുവരി മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരുമെന്ന് നിര്‍മ്മാതാക്കള്‍. പുതിയ എനര്‍ജി ലേബലിംഗ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെയാണ് വില ഉയരാന്‍ കാരണമാകുന്നത്. പരമ്പരാഗത കൂളിംഗ് സംവിധാനത്തില്‍ നിന്ന് വാക്വം പാനലിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം. ജനുവരിയില്‍ ഈ നിബന്ധന പ്രകാരം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയൂ.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് കംപ്രസര്‍ അടിസ്ഥാനമായ ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇത് 2020 ജനുവരിയോടെ നിലവില്‍ വരും. ഇതോടെ ഫൈവ് സ്റ്റാര്‍ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയരും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 12-13 ശതമാനമാണ് വളര്‍ച്ച ഉണ്ടായത്. എസിക്കും വാഷിംഗ് മെഷീനുമാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായിരുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാതിയില്‍ എസിയുടെ വിപണിയില്‍ 15 ശതമാനമാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം ജിഎസ്ടിയിലെ എസിയുടെ നികുതി നിരക്ക് ഇളവ് ചെയ്യണമെന്ന ആവശ്യം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്റ് അപ്ലയന്‍സസ് മാനുഫാക്ചറര്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്.

Top