ഷഹീന്‍ബാഗില്‍ വോട്ടര്‍മാരുടെ നീണ്ട നിര; കനത്ത സുരക്ഷ !

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടുകയാണ്. രാവിലെ എട്ട് മണിമുതല്‍ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തുടങ്ങി. കേന്ദ്ര മന്ത്രിമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ വിവിധ നേതാക്കള്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന ഷഹീന്‍ബാഗില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. എല്ലാ ബൂത്തിന് മുന്നിലും അതിരാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ ക്യു നില്‍ക്കുകയാണ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഷഹീന്‍ബാഗില്‍ മാത്രം വിന്യസിച്ചിട്ടുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളായി ഷഹീന്‍ബാഗില്‍ പ്രക്ഷോഭം നടക്കുകയാണ്. എട്ട് മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉള്ള പ്രദേശത്ത് ജനവിധി എന്തെന്ന ആകാംക്ഷയും നിലവിലുണ്ട്.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്‌. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ഫലം 11 നാണ് പുറത്ത് വരുന്നത്. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.

Top