കെജരിവാള്‍ ഭീകരന്‍; പര്‍വേഷ് വര്‍മ്മയെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിനെ ഭീകരനെന്ന് വിളിച്ച ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ 24 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ വര്‍മ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ചയും 96 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.

വര്‍മ്മ നടത്തിയ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ കടന്നുകയറി അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന പ്രസംഗത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം പര്‍വേഷ് വര്‍മ്മയ്‌ക്കെതിരെ പ്രചാരണ വിലക്കേര്‍പ്പെടുത്തിയത്.

കെജ്‌രിവാളിനെ ഭീകരനെന്ന് വിളിച്ചതോടെ രണ്ടാമതും വിലക്കുവന്നു. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമെ തന്നെ വിലക്കാനാകൂവെന്ന് പര്‍വേഷ് വര്‍മ്മ പ്രതികരിച്ചു. തനിക്കെതിരായ വിലക്ക് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ ഫെബ്രുവരി എട്ടിന് അക്കാര്യം തീരുമാനിക്കുമെന്നും ബിജെപി എം.പി പറഞ്ഞു.

പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുന്ന ഷഹീന്‍ബാഗ് പ്രക്ഷോഭകര്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി നിലയുറപ്പിച്ചാല്‍ താന്‍ അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കും. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തെ ഡല്‍ഹി മുഖ്യമന്ത്രി സംശയിച്ചാല്‍ അതിന്റെ പേരിലും അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുമെന്ന് വര്‍മ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു.

Top