ആകാംക്ഷയോടെ; ഡല്‍ഹിയുടെ രാഷ്ട്രീയനിറം ഏതെന്ന് അറിയാന്‍ മിനിറ്റുകള്‍മാത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍ക്ക് എന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് തുടങ്ങും. 11 മണിയോടെ ഫലം വ്യക്തമാകും. കഴിഞ്ഞ ഒരു മാസം നീണ്ട പോരാട്ടത്തിന്റെ ഫലമറിയാന്‍ ഏവരും ഡല്‍ഹിയിലേക്ക് ഉറ്റുനോക്കുകയാണ്.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കുമ്പോള്‍ രാജ്യതലസ്ഥാനത്തിന്റെ ഇത്തവണത്തെ രാഷ്ട്രീയനിറം എന്തായിരിക്കുമെന്നതിലാണ് എന്നാവരുടെയും ആകാംക്ഷ.

എക്‌സിറ്റ് പോള്‍ ഫലത്തിന്റെ ആവേശത്തില്‍ ആം ആദ്മി പാര്‍ട്ടി നില്‍ക്കുമ്പോള്‍, എന്ത് വില കൊടുത്തും ഡല്‍ഹി പിടിച്ചടക്കാന്‍ ബിജെപിയും കൈവിട്ട ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും കഴിഞ്ഞ മൂന്നാഴ്ച്ചയായി പരിശ്രമിക്കുന്നു. ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിച്ചാണ് പാര്‍ട്ടികള്‍ ഏറ്റുമുട്ടിയത്.

എന്നാല്‍ ഏവരെയും നിരാശരാക്കുന്നതാണ് ഈ വര്‍ഷത്തെ പോളിംഗ്. 2015-നേക്കാള്‍ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015-ല് 67.12 ശതമാനംപേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനമായി പോളിങ് നില. അതിശക്തമായ തിരഞ്ഞെടുപ്പു യുദ്ധമരങ്ങേറിയിട്ടും പോളിങ് കുറഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമെ എണ്‍പത് കഴിഞ്ഞവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിരുന്നു. 62.59 ശതമാനം പേര്‍ വോട്ടു ചെയ്തു എന്ന കണക്ക്, തര്‍ക്കത്തിനൊടുവില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. ഇത്തവണ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ 48 മുതല്‍ 68 വരെ സീറ്റുകള്‍ വരെ എ.എ.പി.ക്ക് ലഭിക്കുമെന്ന അനുകൂലമായ വിധിയാണ് നല്‍കിയത്.2 മുതല്‍ 15 വരെ സീറ്റുകള്‍ ബി.ജെ.പി.ക്കും സീറ്റില്ലാതെ വട്ടപൂജ്യമായി കോണ്‍ഗ്രസും ആണെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്ഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എ.എ.പി. കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബി.ജെ.പി. കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. വോട്ട് ഭിന്നിക്കാതിരിക്കാന്‍ തന്ത്രപരമായ നിലപാട് എടുത്തു എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നു. ഷഹീന്‍ബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പിലെ തിരിച്ചടി വലിയ ക്ഷീണമാകും എന്നാണ് കരുതുന്നത്.

Top