കുതിച്ച് ചാടി എഎപി, നിലമെച്ചപ്പെടുത്തി ബിജെപി, കാഴ്ചക്കാരായി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്രിവാളിന് അധികാര തുടര്‍ച്ചയുണ്ടാകുമോ എന്നറിയാന്‍ അക്ഷമയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

ആംആദ്മി പാര്‍ട്ടി (എഎപി) ഉജ്ജ്വലവിജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകും വിധമാണ് നിലവിലെ ലീഡ് നില.70 ല്‍ 50ലേറെ സീറ്റ് നേടി എഎപി ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപിയ്ക്ക് 20ല്‍ താഴെ സീറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലേയില്ല.

2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്.

അതേസമയം ഭരണം നിലനിര്‍ത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വര്‍ധിപ്പിക്കുന്നതിന് കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ത്രികോണമത്സരമാണ് നടന്നതെങ്കിലും എ.എ.പി.യും ബി.ജെ.പി.യും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും.

Top