കെജ്രിവാളിന് ഹാട്രിക് വിജയം;ഡല്‍ഹി എന്ന സ്വപ്‌നം പൊലിഞ്ഞ് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടിത്തിലേയ്ക്ക് കടക്കുമ്പോള്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. നിലവില്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. എഴുപതംഗ നിയമസഭാ സീറ്റില്‍ 57 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ഇത് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കുറവാണെങ്കിലും വിജയത്തിന്റെ മാറ്റ് ഒട്ടും കുറയ്ക്കുന്നില്ല. ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞാണ് കെജ്രിവാളിന്റെ എഎപി ഈ ഹാട്രിക് വിജയം നേടി എന്നതും ശ്രദ്ധേയമാണ്.

അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി. 13 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഡല്‍ഹി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞത് അമ്പത് ശതമാനത്തില്‍ കൂടുതല്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു. അത്രത്തോളം അമിത ആത്മവിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. ഇതാണ് ഇപ്പോള്‍ പൊലിഞ്ഞിരിക്കുന്നത്.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. വോട്ടേണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കോണ്‍ഗ്രസ് ഇടംപിടിച്ചിരുന്നില്ല.

2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില.

Top