കെജരിവാൾ മാജിക്കിൽ ഇന്ദ്രപ്രസ്ഥം, പ്രതിപക്ഷത്തിന് പുതിയ കരുത്ത് !

ല്‍ഹിയിലിപ്പോള്‍ കണ്ടിരിക്കുന്നത് വര്‍ഗ്ഗീയതക്കു മേല്‍ വികസനം നേടിയ വിജയമാണ്.

ഇന്ത്യയുടെ തലസ്ഥാനമായതിനാല്‍ ഡല്‍ഹി വിധിയെ ലോക രാഷ്ട്രങ്ങളും ആകാംഷയോടെയാണ് വീക്ഷിച്ചിരുന്നത്. മോദിയുടെ തട്ടകത്തിലെ കെജ്രിവാളിന്റെ മാജിക് ലോക രാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും ഡല്‍ഹിയിലെ വിജയത്തിനെ പ്രാധാന്യത്തോടെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാലില്‍ 3 ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണം വീണ്ടും പിടിച്ചിരിക്കുന്നത്.200 എം.പിമാരെയും 70 കേന്ദ്ര മന്ത്രിമാരെയും 10 മുഖ്യമന്ത്രിമാരെയും രംഗത്തിറക്കിയിട്ടും ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു.

കഴിഞ്ഞ തവണ നേടിയ 3 സീറ്റുകള്‍ 7 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ബി.ജെ.പിയുടെ ഏക ആശ്വാസം. അതു പോലും ഷഹിന്‍ ബാഗ് ഉള്‍പ്പെടെ ഉയര്‍ത്തിയത് കൊണ്ട് മാത്രമായിരുന്നു.

മോദിയുടെ മൂക്കിനു താഴെ ബി.ജെ.പിയുടെ പട നയിച്ചത് അമിത് ഷായാണ്. മുക്കിലും മൂലയിലും അവര്‍ റാലികള്‍ നടത്തി.

യു.പി മുഖ്യമന്ത്രി യോഗി ആദ്യനാഥ് ഉള്‍പ്പെടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത് ഇവിടങ്ങളിലാണ്. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ ഇടപെടേണ്ടി വന്നതും രാജ്യം കണ്ടതാണ്.

ഷഹിന്‍ ബാഗും പൗരത്വ നിയമവും ചൂണ്ടിക്കാട്ടി സാമുദായിക ഏകീകരണത്തിനാണ് കാവിപ്പട ഡല്‍ഹിയില്‍ ശ്രമിച്ചത്. അതു കൊണ്ട് തന്നെ വോട്ടെണ്ണുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ ബി.ജെ.പി വലിയ ആത്മവിശ്വാസത്തിലുമായിരുന്നു. ഈ കണക്ക് കൂട്ടലുകളാണ് രാജ്യ തലസ്ഥാനത്തിപ്പോള്‍ പിഴച്ചിരിക്കുന്നത്.

ലോകസഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റും തൂത്ത് വാരിയത് ബി.ജെ.പിയായിരുന്നു. സംപൂജ്യരായടത്ത് നിന്നാണ് ഫിനിക്സ് പക്ഷിയെ പോലെ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഡല്‍ഹി ജനത ആപ്പിന് നല്‍കിയിരിക്കുന്നത്. ഒരു ജനകീയ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് കെജരിവാള്‍ സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലന്ന രാഷ്ട്രീയക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജരിവാള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞ് മുറുക്കിയിട്ടും മാറ്റം ഡല്‍ഹിക്ക് സാധ്യമാക്കിയത് കെജരിവാളിന്റെ ചങ്കുറപ്പ് ഒന്നു കൊണ്ട് മാത്രമാണ്. പാര്‍ട്ടി എം.എല്‍.എമാരെ അടക്കം ബി.ജെ.പി അടര്‍ത്തിമാറ്റിയിട്ടും കുലുങ്ങാതെയായിരുന്നു കെജരിവാള്‍ മാജിക്ക്.

ഏറ്റവും ഒടുവിലായി കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് ബസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സര്‍ക്കാര്‍ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സര്‍ക്കാറിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജരിവാള്‍ സര്‍ക്കാര്‍ കയ്യടി നേടിയിട്ടുണ്ട്.

വൈദ്യുതി സൗജന്യമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയും പൊതു സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കിയ സംഭവമാണ്. പദ്ധതി പ്രകാരം ഓരോ മാസവും 200 യൂണിറ്റു വരെയാണ് വൈദ്യുതി സൗജന്യമായി നല്‍കുന്നത്.201 മുതല്‍ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കാകട്ടെ പകുതിനിരക്ക് മാത്രം നല്‍കിയാല്‍ മതി. ബാക്കിയുള്ള അമ്പത് ശതമാനവും സബ്സിഡിയാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന കെജരിവാള്‍ സര്‍ക്കാരിന്റെ പദ്ധതിയും നിലവില്‍ സൂപ്പര്‍ഹിറ്റാണ്. ആദ്യഘട്ടത്തില്‍ 40 തരം സേവനങ്ങളാണ് പൗരന്‍മാര്‍ക്ക് വീട്ടുപടിക്കല്‍ ലഭ്യമാക്കിയിരിക്കുന്നത്. ഭരണനിര്‍വഹണത്തിലെ വിപ്ലവകരമായ ചുവട് വെപ്പുകൂടിയായിരുന്നു ഇത്.

രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങള്‍ ലഭ്യമാകാന്‍ ഡല്‍ഹിയില്‍ ആര്‍ക്കും ഇനി ഓഫീസില്‍ കയറി ഇറങ്ങേണ്ട ആവശ്യമേയില്ല.

ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ടവര്‍ക്ക് മാത്രം ടെസ്റ്റിനായി ഒരിക്കല്‍ മോട്ടോര്‍ ലൈസന്‍സ് ഓഫീസില്‍ എത്തേണ്ടി വരുമെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം വീട്ടുപടിക്കല്‍ ലഭ്യമാണ്.

കെജരിവാള്‍ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി തുടങ്ങിയ മൊഹല്ല ക്ലിനിക്കുകളും ഇന്ന് പാവങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണ്. ആദ്യഘട്ടത്തില്‍ നഗരത്തിലെ 21 സ്ഥലങ്ങളില്‍ തുടങ്ങിയ പദ്ധതി ഇന്ന് ഓരോ മുക്കിലും മൂലയിലേക്കും വ്യാപിച്ചു കഴിഞ്ഞു. പരിസരവാസികളുടെ പെട്ടെന്നുള്ള ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ ക്ലിനിക്കുകള്‍ ഇപ്പോള്‍ ഒരു സംഭവം തന്നെയാണ്.

ചികിത്സയും പരിശോധനകളും മരുന്നുമെല്ലാം സൗജന്യമാണെന്നതാണ് മൊഹല്ല ക്ലിനിക്കുകളുടെ വലിയ പ്രത്യേകത.

ആദ്യമായി അധികാരം ഏറ്റയുടനെ കെജരിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ കുടിവെള്ള പദ്ധതിയും ഇപ്പോഴും വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്.

ഈ നേട്ടങ്ങളെല്ലാം ചൂണ്ടികാണിച്ചാണ് കെജ്രിവാള്‍ ജനവിധി തേടിയത്. ബിജെപിക്കാകട്ടെ ഉന്നയിക്കാനുണ്ടായിരുന്നത് പ്രധാനമായും ഷഹീന്‍ ബാഗ് മാത്രമായിരുന്നു. 70ല്‍ 62സീറ്റ് നല്‍കിയാണ് ആം ആദ്മി പാര്‍ട്ടിയെ ജനങ്ങളിപ്പോള്‍ അധികാരത്തിലേറ്റിയിരിക്കുന്നത്. മൂന്നില്‍ നിന്നും 8 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ.

കരുത്തനായ മോദിയുടെ മൂക്കിന് താഴെയുള്ള കെജരിവാളിന്റെ ഈ വിജയം ശരിക്കും ഒരു മാസ് വിജയം തന്നെയാണ്.

Political Reporter

Top