ഡൽഹി എഫക്ടിൽ പേടിച്ച് യു.ഡി.എഫ്, ഭരണ തുടർച്ച ഉറപ്പെന്ന് ഇടതുപക്ഷം

ല്‍ഹി ഫലം കേരള രാഷ്ട്രീയത്തിലും ഇനി സൃഷ്ടിക്കാന്‍ പോകുന്നത് കൊടുങ്കാറ്റാണ്.

15വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്സിനെ രാജ്യ തലസ്ഥാനം വീണ്ടും കടപുഴക്കിയിരിക്കുകയാണ്. നാണം കെട്ട പരാജയമാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് ഏറ്റുവാങ്ങിയിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്ത് വാരിയ ബി.ജെ.പിക്ക് ഇത്തവണയും പിഴച്ചിരിക്കുകയാണ്. സാമുദായിക ഏകീകരണത്തിനായി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയിട്ടും ഡല്‍ഹി കാവിയെ തിരസ്‌ക്കരിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനം തൂത്ത് വാരി എന്ന് പറയുന്നത് തന്നെയാണ് ശരി. കഴിഞ്ഞ തവണ നേടിയ 70 ല്‍ 67 സീറ്റ് എന്നതില്‍ മാറ്റമുണ്ടെങ്കിലും വലിയ ഭൂരിപക്ഷത്തിന് തന്നെയാണ് ഡല്‍ഹി അരവിന്ദ് കെജരിവാളും സംഘവും പിടിച്ചിരിക്കുന്നത്. 70ല്‍ 62 സീറ്റുകള്‍ നേടുക എന്ന് പറഞ്ഞാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹാത്ഭുതമാണ്.മൂന്നില്‍ നിന്നും 8 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ.

ഇവിടെ ഷഹീന്‍ ബാഗും വര്‍ഗീയതയും പറഞ്ഞ് ബി.ജെ.പി നേടിയ വോട്ടിനേക്കാള്‍ മൂല്യം കൂടുതല്‍, ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ക്ക് തന്നെയാണ്.

സംഘപരിവാര്‍ വര്‍ഗ്ഗീയത പറഞ്ഞപ്പോള്‍ വികസനം പറഞ്ഞാണ് കെജരിവാള്‍ വോട്ട് തേടിയത്. ഒടുവില്‍ മോദിയുടെ മൂക്കിന് താഴെ ഒരു മാസ് വിജയം. ചരിത്രമാണ് ഇവിടെ കെജരിവാള്‍ തിരുത്തിയിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാട് ഏറ്റുമുട്ടി തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തിന് ഭരണം പിടിക്കുക എന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ച തന്നെയാണ്.

ലോകസഭ തിരഞ്ഞെടുപ്പ് വിധിയെഴുത്തല്ല, നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക എന്ന് കേരളത്തിന് കൂടി കാണിച്ച് തന്നിരിക്കുകയാണിപ്പോള്‍ ഡല്‍ഹി. കേരളത്തിലെ യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്ന സന്ദേശമാണിത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റ സീറ്റു പോലും ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയിരുന്നില്ല. കേരളത്തില്‍ ഒരു സീറ്റൊഴികെ എല്ലാം തൂത്ത് വാരിയതാകട്ടെ യു.ഡി.എഫും ആയിരുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ സംഘടിതമായി യു.ഡി.എഫിലേക്ക് പോയതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നത്.

മോദിക്ക് ബദല്‍ രാഹുല്‍ ആണെന്ന് ന്യൂനപക്ഷങ്ങള്‍ അന്നു കരുതി. രാഹുലിനെ വയനാട്ടില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ചത് കേരളത്തിലെ മറ്റ് മണ്ഡലങ്ങളെയും സ്വാധീനിക്കുകയുമുണ്ടായി.

അതാണ് 19 സീറ്റും തൂത്ത് വാരാന്‍ യു.ഡി.എഫിന് സഹായകരമായിരുന്നത്.

ചെയ്തത് തെറ്റായി പോയി എന്ന്, ന്യൂനപക്ഷത്തിന് ബോധ്യമായത് മറ്റ് സംസ്ഥാനങ്ങളിലെ ഫലം കൂടി വന്നതോടെയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോണ്‍ഗ്രസ്സ് കൂപ്പുകുത്തിയിരുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും തൂത്ത് വാരിയത് ബി.ജെ.പിയാണ്. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ ബി.ജെ.പിക്ക് നേട്ടമായതും കോണ്‍ഗ്രസ്സിന്റെ നിലപാടുകൊണ്ടാണ്. ഇവിടെ എസ്.പി – സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് വെല്ലുവിളിയായി വോട്ടുകള്‍ ഭിന്നിപ്പിച്ചത് കോണ്‍ഗ്രസ്സാണ്.

ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്സുമായി സഖ്യത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടും കോണ്‍ഗ്രസ് തയ്യാറായില്ല. ഇതിന്റെ പരിണിതഫലമായിരുന്നു ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ വിജയം.

ബീഹാറിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പോലും അകറ്റി നിര്‍ത്തി. ത്രിപുരയിലാകട്ടെ കോണ്‍ഗ്രസ്സ് ഒന്നാകെ ബി.ജെ.പിയായി മാറുകയും ചെയ്തു. കര്‍ണ്ണാടകയില്‍ ജെ.ഡി.എസുമായുള്ള സഖ്യം തകര്‍ത്തതും കോണ്‍ഗ്രസ്സിന്റെ വാശിയിലായിരുന്നു. ഇങ്ങനെ ചിന്നി ചിതറിയ പ്രതിപക്ഷ വോട്ടുകള്‍ പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് ഗുണം ചെയ്തിരുന്നത്.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെയാണ് അവര്‍ കൈവിട്ടത്.

ആന്ധ്ര, തെലങ്കാന, യു.പി, ഒറീസ സംസ്ഥാനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. തമിഴകത്താകട്ടെ സി.പി.എം കൂടി ഉള്‍പ്പെട്ട ഡി.എം.കെ മുന്നണിയെയാണ് ന്യൂനപക്ഷം പിന്തുണച്ചിരുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനെ മാത്രം പിന്തുണച്ചു എന്ന് ഒരിക്കലും വിലയിരുത്താന്‍ കഴിയുകയില്ല.

രാഷ്ട്രീയ കേരളം പ്രതീക്ഷിച്ച ഫലമല്ല, ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം നല്‍കിയിരുന്നത്. ചെയ്തുപോയ ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ന്യൂനപക്ഷങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. ഡല്‍ഹി ഫലം അതിന് അവര്‍ക്ക് പ്രേരണനല്‍കുന്നതാണ്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും ഇല്ലാത്തടത്ത് നിന്നാണ് ആം ആദ്മി പാര്‍ട്ടി വിജയ ചരിത്രം രചിച്ചിരിക്കുന്നത്. അതുപോലെ, ഒറ്റ സീറ്റില്‍ മാത്രം ജയിച്ച ഇടതുപക്ഷത്തിനും ഇനി ആഗ്രഹിക്കാം പിണറായിയുടെ തുടര്‍ ഭരണം.

ഡല്‍ഹിയില്‍ ടൈറ്റാനിക്ക് പോലെ ഒരിക്കലും തിരിച്ചു വരാത്ത അവസ്ഥയില്‍ മുങ്ങിപ്പോയിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ്.

ബി.ജെ.പിക്ക് ബദലാണ് കോണ്‍ഗ്രസ്സ് എന്ന വാദമാണ് രാജ്യ തലസ്ഥാനത്ത് ഒരിക്കല്‍കൂടി പൊളിഞ്ഞിരിക്കുന്നത്.

ഈ അവസ്ഥയില്‍ കോണ്‍ഗ്രസ്സിനെ എത്തിച്ചത് ആ പാര്‍ട്ടിയുടെ നേതാക്കളാണ്.അതില്‍ സോണിയ ഗാന്ധിയുടെ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുതല്‍ ഹൈക്കമാന്റിലെ ഉന്നതര്‍ വരെയുണ്ട്.

രാജ്യം ഏറ്റവും കാലം ഭരിച്ച കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയുള്ള ഒറ്റ നേതാവും ഇന്ന് ആ പാര്‍ട്ടിയിലില്ല. പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി തന്നെ നിഷ്‌ക്രിയമാണ്.

രാഹുല്‍ ഗാന്ധിയാണെങ്കില്‍ ഇപ്പോള്‍ വയനാട് എം.പിമാത്രമാണ്. അമേഠിക്ക് പുറമെ വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നു എങ്കില്‍, രാജ്യം തന്നെ അദ്ദേഹം വിടുമായിരുന്നു. ഒരു തോല്‍വി ഏറ്റുവാങ്ങാനുള്ള മാനസികാവസ്ഥ പോലും ഇല്ലാത്തതിനാലാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചിരുന്നത്. കോണ്‍ഗ്രസ്സിന്റെ വലിയ ഗതികേടാണിത്. സോണിയയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ പാര്‍ട്ടിയെ ഭരിക്കുന്നത് അഹമ്മദ് പട്ടേലാണ്.

ഇയാളുടെ ഒറ്റ ഇടപെടലിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ താളം തെറ്റിയതെന്നാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പി.സി ചാക്കോ തന്നെ ആരോപിക്കുന്നത്. പെട്ടിപ്പൊട്ടിച്ച് വോട്ട് എണ്ണുന്നതിന് മുന്‍പ് തന്നെ, പൊട്ടിയ കാര്യം വിളിച്ചു പറയാനുള്ള ധൈര്യം എന്തായാലും ചാക്കോ കാട്ടിയിട്ടുണ്ട്.

കെ.മുരളീധരന്‍ മുന്‍പ് വിശേഷിപ്പിച്ചത് പോലെ ഇത്തരം ‘അലുമിനിയം’ പട്ടേലുമാരാണ് കോണ്‍ഗ്രസ്സിന്റെ അടിത്തറ തോണ്ടിയിരിക്കുന്നത്.

രാജ്യ തലസ്ഥാനത്തെ ഇപ്പോഴത്തെ ജനവിധി രാജ്യത്തെ മുഴുവനും ചിന്തിപ്പിക്കുന്നതാണ്.പ്രത്യേകിച്ച് പൗരത്വ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.

ബി.ജെ.പിക്ക് ശക്തമായ ഒരു എതിരാളിയെയാണ് മതനിരപേക്ഷ സമൂഹം തേടുന്നത്. ഡല്‍ഹിയില്‍ അത് കെജരിവാളാണെങ്കില്‍ കേരളത്തില്‍ പിണറായിയാണ് ബി.ജെ.പി യോട് ഏറ്റുമുട്ടുന്നത്.

നിലപാടുകളിലും നയങ്ങളിലും വിട്ടു വീഴ്ചയില്ലാത്ത പിണറായിക്കൊപ്പം ന്യൂനപക്ഷങ്ങള്‍ കൂടി അണി നിരന്നാല്‍ കേരളത്തിലും ഇടതിന് തുടര്‍ ഭരണം സാധ്യമാകും.

അതിനുള്ള സൂചനയാണ് മനുഷ്യ മഹാ ശൃംഖലയില്‍ അണിനിരന്ന ജനസഞ്ചയം. 80 ലക്ഷത്തോളം പേര്‍ മനുഷ്യമതിലായി നിന്നാണ് കേരളത്തെ അളന്നിരിക്കുന്നത്. കോണ്‍ഗ്രസ്സിനോ ലീഗിനോ സ്വപ്നത്തില്‍ പോലും കെട്ടാന്‍ കഴിയാത്ത മതിലാണിത്.

സ്വന്തം അടിത്തറയാണ് തകരുന്നതെന്ന വിഭ്രാന്തിയില്‍ പ്രതിപക്ഷ നേതാവ് കാട്ടിക്കൂട്ടിയതെല്ലാം, ഇതിനകം തന്നെ പാളുകയും ചെയ്തിട്ടുണ്ട്.

ഗവര്‍ണ്ണറെ കൊണ്ട് തന്നെ സര്‍ക്കാര്‍ നിലപാട്, മുഖ്യമന്ത്രി പറയിച്ചതോടെയാണ് യു.ഡി.എഫിന്റെ നിര്‍ണ്ണായക നീക്കം പൊളിഞ്ഞത്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ ഒരു പരാമര്‍ശം മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനും പ്രതിപക്ഷം ശ്രമിച്ചു. പിണറായി മോദിക്ക് നല്‍കിയ മാസ് മറുപടിയോടെ അതും തകര്‍ന്നടിയുകയാണുണ്ടായത്.

സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ തന്നെ എസ്.ഡി.പി.ഐ പോലുള്ള തീവ്ര സംഘടനകളെയും എതിര്‍ക്കുമെന്നാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ പ്രീണന രാഷ്ട്രിയമല്ല ഇടതുപക്ഷത്തിന്റേത് എന്ന് വ്യക്തമാക്കുന്ന നിലപാടാണിത്.

ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ പ്രക്ഷോഭങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് കോണ്‍ഗ്രസ്സ് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഒരു പ്രമേയം പാസാക്കിക്കാന്‍ ഇപ്പോഴും ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പഞ്ചാബിലും രാജസ്ഥാനിലും പ്രമേയം പാസാക്കാന്‍ പിണറായിക്ക് തന്നെ കത്തയക്കേണ്ടിയും വന്നു. കേന്ദ്ര നിയമത്തെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോഴും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ ചെയ്തത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തന്നെ രണ്ടഭിപ്രായമുള്ളത് കൊണ്ടാണ് അവര്‍ ഈ ഒളിച്ചു കളി നടത്തുന്നത്. ഇപ്പോഴാകട്ടെ പ്രമേയം പാസാക്കിയ രാജസ്ഥാനിലെ സ്പീക്കര്‍ തന്നെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയുമാണ്. ജനങ്ങളെ പൊട്ടന്മാരാക്കുന്ന നിലപാടാണിത്.

ഇക്കാര്യങ്ങളെല്ലാം മറച്ച് വെച്ചാണ് രമേശ് ചെന്നിത്തലയിപ്പോള്‍ കേരളത്തില്‍ പൊറാട്ടു നാടകം കളിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രബുദ്ധരായ ജനങ്ങളുള്ള സംസ്ഥാനത്താണ് ഈ നാടകമെന്നതാണ് ചെന്നിത്തല ഓര്‍ക്കാതെപോയത്.

ഡല്‍ഹിയില്‍ ചൂലാണ് താമരയുടെ ഇതള്‍ തല്ലി കൊഴിച്ചത്. കൈപ്പത്തിയെ കുഴിച്ച് മൂടിയതും ഇതേ ചൂലുകൊണ്ട് തന്നെയാണ്. കേരളത്തില്‍ ഇത് രണ്ടും ഇനി ചെയ്യാന്‍ പോകുന്നത് ചെമ്പടയായിരിക്കും. അതിന് അരിവാളിന് മൂര്‍ച്ച നല്‍കുന്നതാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം.

Political Reporter

Top