ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമേ തന്നെ വിലക്കാന്‍ കഴിയൂ, കെജ്രിവാളിനെതിരെ പര്‍വേശ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ബിജെപി എംപി പര്‍വേശ് വര്‍മ്മയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി പര്‍വേശ് രംഗത്ത്. തനിക്ക് വിലക്കേര്‍പ്പെടുത്താന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്ന പരസ്യ വെല്ലുവിളിയാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.

”പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, അരവിന്ദ് കെജ്രിവാളിന് ദേശദ്രോഹി എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കാന്‍ തനിക്കും സാധിക്കും. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ ഡല്‍ഹി മുഖ്യമന്ത്രി തയ്യാറായാല്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കണം. സ്വന്തം രാജ്യം ശത്രുരാജ്യത്ത് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയം ഉന്നയിച്ചാല്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് തന്നെ വിളിക്കണം.” പര്‍വേശ് വര്‍മ്മ പറഞ്ഞു.

അതേസമയം ജനങ്ങള്‍ക്ക് മാത്രമേ തന്നെ ഡല്‍ഹിയില്‍ വിലക്കാന്‍ സാധിക്കൂ എന്നും പര്‍വേശ് വര്‍മ്മ വാദിച്ചു. തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ന്യായമാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ ഫെബ്രുവരി എട്ടിന് അവരുടെ തീരുമാനം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗം നടത്തിയെന്ന കാരണത്താല്‍ പര്‍വേശ് വര്‍മ്മയെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ യഥാക്രമം 96, 72 ദിവസത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top