‘മന്‍ കി ബാത്ത്’ അല്ല ‘ജന്‍ കി ബാത്താ’ണ് ഡല്‍ഹിയിലെ ജനങ്ങള്‍ ശ്രവിച്ചത് :താക്കറെ

മുംബൈ: ബിജെപിയുടെ ‘മന്‍ കി ബാത്ത്’ അല്ല ആം ആദ്മി പാര്‍ട്ടിയുടെ ‘ജന്‍ കി ബാത്താ’ണ് ഡല്‍ഹിയിലെ ജനങ്ങള്‍ ശ്രവിച്ചതെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ബിജെപിയ്‌ക്കെതിരെ വിമര്‍ശനവുമായി താക്കറെ രംഗത്ത് വന്നത്.

തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം രാജ്യസ്നേഹികളും, തങ്ങളെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തകിടംമറിഞ്ഞുവെന്ന് ബിജെപിയുടെ പേരെടുത്ത് പറയാതെ മഹാരാഷ്ട്രാ മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്രം ഭരിക്കുന്നവര്‍ ശക്തി മുഴുവന്‍ തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ചുവെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ചൂലിന്റെ ശക്തിക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. മുതിര്‍ന്ന നേതാക്കളെയാണ് ബിജെപി പ്രചാരണത്തിന് ഇറക്കിയത്. കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും താക്കറെ വിമര്‍ശിച്ചു.

പ്രാദേശിക വിഷയങ്ങള്‍ അവഗണിച്ച് രാജ്യാന്തര വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ കെജ്രിവാളിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരില്‍ ഡല്‍ഹിയിലെ വോട്ടര്‍മാരെയും കെജ്രിവാളിനെയും അഭിനന്ദിക്കുന്നു. വികസനത്തിന്റെ പാതയില്‍ മുന്നോട്ടു കുതിക്കാന്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ 70 നിയമസഭാ സീറ്റില്‍ 63 പിടിച്ചിരിക്കുകയാണ് എഎപി. ബിജെപി 8 സീറ്റ് മാത്രമാണ് നേടിയിരിക്കുന്നത്. മൂന്നില്‍ നിന്നും 8 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ.

Top