എക്‌സിറ്റ് പോള്‍ ഫലങ്ങളെ നോക്കുകുത്തിയാക്കുമോ? കാത്തിരിക്കാം 11 വരെ

ന്യൂഡല്‍ഹി: 1951ലായിരുന്നു വിസ്തൃതിയിലും വോട്ടര്‍മാരുടെ എണ്ണത്തിലും പ്രതാപം കുറവായിരുന്ന ആ പഴയ ഡല്‍ഹിയില്‍ നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു അന്ന് ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്.

സൗത്ത് എക്സ്റ്റന്‍ഷനും കരോള്‍ ബാഗിനും അപ്പുറമുള്ള പ്രാന്തപ്രദേശം ഇന്ത്യ-പാക്ക് വിഭജനത്തില്‍ മുറിവേറ്റവരെ അധിവസിപ്പിക്കാന്‍ തുറന്നുകൊടുത്തതോടെ,അവിടം ജനവാസ കേന്ദ്രമായി മാറി.

42 സീറ്റുകളിലേക്കായിരുന്നു 1951ലെ തിരഞ്ഞെടുപ്പ്. 36 ഏകാംഗ മണ്ഡലങ്ങളും 6 ദ്വയാംഗ മണ്ഡലങ്ങളും. ദ്വയാംഗ മണ്ഡലത്തില്‍ മത്സരിക്കാന്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടാകും, ഒരു പൊതുസ്ഥാനാര്‍ഥിയും ഒരു സംവരണ വിഭാഗം സ്ഥാനാര്‍ഥിയും. അങ്ങനെ ആദ്യ നിയമസഭയില്‍ എത്തിയത് 48 പേര്‍. ആകെ 187 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ആകെ വോട്ടര്‍മാര്‍ 7.45 ലക്ഷം. അവരില്‍ വോട്ടു ചെയ്തത് 5.22 ലക്ഷം പേര്‍. പോളിങ് ശതമാനം 58.52.മത്സരിച്ച 47ല്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ജയിച്ചു. 52.09% വോട്ടും സ്വന്തമാക്കി.

കോണ്‍ഗ്രസ് നേതാവും ഡല്‍ഹി നംഗ്ലോയി സ്വദേശിയുമായ ബ്രഹ്മ പ്രകാശായിരുന്നു ആദ്യ മുഖ്യമന്ത്രി. 31 സീറ്റില്‍ മത്സരിച്ച ഭാരതീയ ജനസംഘം (ബിജെഎസ്) ജയിച്ചത് അഞ്ച് സീറ്റുകളില്‍ മാത്രം. 21.89% വോട്ടും നേടി. സോഷ്യലിസ്റ്റ് പാര്‍ട്ടി രണ്ടും അഖിലേന്ത്യാ ഹിന്ദുമഹാസഭ ഒരു സീറ്റിലും ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനായിരുന്നു ജയം കണ്ടത്. വനിതകളില്ലാത്ത ആദ്യ ഡല്‍ഹി നിയമസഭയായിരുന്നു അത്.

1956ല്‍ ഡല്‍ഹിയെ കേന്ദ്രഭരണ പ്രദേശമാക്കി ഉത്തരവിറങ്ങി, ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് ഭരണം രാഷ്ട്രപതിക്കു കീഴിലാക്കി. 1957ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ രൂപീകരിക്കപ്പെട്ടു. 1966ല്‍ കോര്‍പറേഷന്‍ ഭരണത്തിനായി ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന് രൂപംകൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട 56 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് പേരുമായിരുന്നു കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. ഭരണപരമായ അധികാരങ്ങളൊന്നും കൗണ്‍സിലിനുണ്ടായിരുന്നില്ല, ഡല്‍ഹി ഭരണത്തിന്റെ ഉപദേശക സ്ഥാനമായിരുന്നു കൗണ്‍സിലിന്റെത്. 1990 വരെ ഈ രീതിയിലായിരുന്നു ഡല്‍ഹി ഭരണം.

1972ലും 1983ലും കോണ്‍ഗ്രസും 1977ല്‍ ജനതാ പാര്‍ട്ടിയും കോര്‍പറേഷനില്‍ ഭൂരിപക്ഷം നേടി. 1991ല്‍ ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശമായി. 1993ല്‍ ഡല്‍ഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പും നടന്നു. 57 ജനറല്‍ സീറ്റുകളും 13 എസ്സി സംവരണ സീറ്റുകളുമായി ആകെ 70 മണ്ഡലത്തിലേക്കായിരുന്നു വോട്ടെടുപ്പ് (നിലവില്‍ ജനറല്‍ സീറ്റുകള്‍ 58ഉം സംവരണ സീറ്റുകള്‍ 12ഉം ആണ്). ഡല്‍ഹി വോട്ടര്‍മാരുടെ എണ്ണം 1993 ആയപ്പോഴേക്കും 58.5 ലക്ഷത്തിലേക്കുയര്‍ന്നു. വോട്ടു രേഖപ്പെടുത്തിയത് 36.13 ലക്ഷം പേരും. 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തി. 14 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാമതും. 42.82% വോട്ടാണ് ബിജെപിക്ക് ലഭിച്ചത്, കോണ്‍ഗ്രസിന് 34.48ഉം

1993-98 ഭരണകാലത്തിനിടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാരാണ് ഡല്‍ഹി ഭരിച്ചത്. ആദ്യം മദന്‍ലാല്‍ ഖുറാന; പാതിവഴിയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ച് സാഹിബ് സിങ് വര്‍മ മുഖ്യമന്ത്രിയായി. ഭരണം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഉള്ളിവില നിയന്ത്രണാതീതമായതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ വര്‍മയും രാജിവച്ചു. ഏതാനും മാസം സുഷമ സ്വരാജും ബിജെപി മുഖ്യമന്ത്രിയായി. ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നവരില്‍ നിലവില്‍ കെജരിവാള്‍ മാത്രമാണിന്നു ജീവിച്ചിരിക്കുന്നത്. 1993ലെ തിരഞ്ഞെടുപ്പില്‍ 7039 പോളിങ് സ്റ്റേഷനുകളായിരുന്നു സജ്ജമാക്കിയിരുന്നത്. 27 വര്‍ഷത്തിനപ്പുറം ഇത്തവണ അത് 13,750ല്‍ എത്തിയിരിക്കുന്നു. 1993ലായിരുന്നു ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഡല്‍ഹി തിരഞ്ഞെടുപ്പും; 1316 പേര്‍. 59 വനിതാ സ്ഥാനാര്‍ഥികളായിരുന്നു 1993ല്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ അത് 71 ആയി. 2003ലായിരുന്നു ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ 78 പേര്‍

1998ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ജയം 52 സീറ്റ്. 2003ലും 2008ലും കോണ്‍ഗ്രസ് വിജയം തുടര്‍ന്നു. 15 വര്‍ഷം ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. 2013ലായിരുന്നു അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പില്‍തന്നെ മത്സരിച്ച 70ല്‍ 28 സീറ്റും സ്വന്തമാക്കി എഎപി വരവറിയിച്ചു. എട്ടു സീറ്റ് നേടിയ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭയ്ക്കും രൂപംനല്‍കി. ബിജെപി 31 സീറ്റാണ് നേടിയത്.എന്നാല്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്തതിനെത്തുടര്‍ന്ന് സഖ്യത്തില്‍ വിള്ളല്‍വീണു, കെജരിവാള്‍ രാജിവച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് 2015ല്‍ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പുരാഷ്ട്രീത്തിലെ തന്നെ സമാനതകളില്ലാത്ത വിജയവുമായി എഎപി തിരിച്ചെത്തി.

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാര്‍ട്ടി ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതും. എന്നാല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളില്‍ വ്യക്തം. രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്നതാണ് ആ ‘പാറ്റേണ്‍’. 1991 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ രണ്ടു സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

1996ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 2, ബിജെപി 5 എന്നിങ്ങനെയായിരുന്നു സീറ്റുനില. 1998ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റായി ചുരുങ്ങി, ബിജെപിക്ക് ആറും. എന്നാല്‍ അതേവര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത് 52 സീറ്റുമായി കോണ്‍ഗ്രസ്. ബിജെപി നേടിയത് 15 സീറ്റ്.

1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും ബിജെപിക്കായിരുന്നു. 2003ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതാകട്ടെ കോണ്‍ഗ്രസും 47 സീറ്റ്. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് ഒന്ന്. 2008ല്‍ പക്ഷേ കോണ്‍ഗ്രസ് തന്നെ നിയമസഭയിലേക്ക് ജയിച്ചു 43 സീറ്റ്. 23 സീറ്റ് ബിജെപിയും സ്വന്തമാക്കി.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും കോണ്‍ഗ്രസിലായിരുന്നു. 2013ല്‍ നിയമസഭയിലേക്ക് ജയിച്ചുകയറിയതാകട്ടെ 28 സീറ്റുമായി എഎപിയും. 31 സീറ്റ് ബിജെപി നേടി. 8 സീറ്റ് കോണ്‍ഗ്രസും. 2015ലാകട്ടെ എഎപി നേടിയത് 67 സീറ്റ്! 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും സ്വന്തമാക്കിയെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടിറങ്ങി ഡല്‍ഹി പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയതിനു പിന്നിലും ഈ കണക്കുകളാണ്.

തലസ്ഥാനത്തെ സംബന്ധിച്ച് പോളിങ് ശതമാനവും നിര്‍ണായകമാണ്. 2013ലും (65.63%) 2015ലും (67.12%) ഡല്‍ഹിയില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയപ്പോഴായിരുന്നു എഎപി ജയിച്ചുകയറിയത്. പോളിങ് ശതമാനം 61.75ലെത്തിയ 1993ല്‍ ബിജെപിയും ജയിച്ചു. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ 1998ലും (48.99%) 2003ലും (53.42%) 2008ലും (57.58%) കോണ്‍ഗ്രസിനായിരുന്നു ജയം.

2013 ല്‍ എഎപിയുടെ വരവോടെ ഡല്‍ഹിയുടെ രാഷ്ട്രീയ ഭാവിതന്നെ മാറി മറിഞ്ഞു. കോണ്‍ഗ്രസ്-ബിജെപി, ബിജെപി-കോണ്‍ഗ്രസ് എന്ന സന്തുലിതാവസ്ഥയെ പെട്ടെന്ന് തകിടം മറിക്കുന്നതായിരുന്നു 2013ലെ തിരഞ്ഞെടുപ്പില്‍ എഎപിയുടെ കുതിച്ചുകയറ്റം. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയെങ്കിലുമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വട്ടപൂജ്യമാകുന്നു.

ശനിയാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 61.46% ആണ് ഡല്‍ഹിയിലെ പോളിങ്. 2015നേക്കാളും 5.66 ശതമാനത്തിന്റെ കുറവ്. എങ്കിലും പോളിങ് 60% കടന്നുവെന്നത് എഎപിക്ക് ആശ്വാസം പകരുന്നതാണ്. എന്നാല്‍ വോട്ടെണ്ണുന്നതോടെ എല്ലാം തകിടം മറിയുമോ എന്ന ഭയത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അത് കൊണ്ടാണല്ലോ പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമിന് കാവലിരിക്കുന്നത്. ചിലയിടത്ത് വോട്ടിങ് മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി എന്ന ആരോപണം എക്‌സിറ്റ് പോളിനെ തിരിഞ്ഞു കൊത്തമോ എന്തോ?

Top