ആന്റണി, പി.സിചാക്കോ, കെ.സി . . മൂന്നു പേർക്കും ഡൽഹിയും മടുത്തു !

ല്‍ഹി നല്‍കിയ കനത്ത പ്രഹരത്തില്‍, ഉലഞ്ഞത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്.

അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലന്ന് സോണിയ നേതാക്കളെ, അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ രണ്ടാം വാരം ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ ഇതു സംബന്ധമായ തീരുമാനം ഉണ്ടാകും. രാഹുല്‍ ഗാന്ധി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്ക സ്ഥാനമേറ്റെടുക്കാനാണ് സാധ്യത. ഇതിനായി ഒരു വിഭാഗം അണിയറയില്‍ ചരടുവലികളും തുടങ്ങിയിട്ടുണ്ട്.

സോണിയയുടെ ‘മൂക്കിന് ‘ താഴെ 63 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവച്ച കാശ് പോലും നഷ്ടമായിരിക്കുന്നത്. മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച സംസ്ഥാനത്താണ് കോണ്‍ഗ്രസ്സിന്റെ ഈ ഗതികേട്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്നാലെ, രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്സ്. ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയെന്ന് മാത്രമല്ല വോട്ടിംങ് ശതമാനവും കൂപ്പുകുത്തിയിരിക്കുകയാണ്.

വെറും 4.27 ശതമാനം വോട്ട് മാത്രമാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചിരിക്കുന്നത്. ദയനീയ തോല്‍വിയെ തുടര്‍ന്ന്, ചുമതലയുണ്ടായിരുന്ന പി.സി ചാക്കോയും രാജിവെച്ചിട്ടുണ്ട്.

സോണിയയുടെ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേലിനെ കുറ്റപ്പെടുത്തിയാണ് ചാക്കോയുടെ രാജി. പട്ടേല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെട്ടതാണ് ചാക്കോയെ ചൊടിപ്പിച്ചിരിക്കുന്നത്. ആത്യന്തികമായി ഈ വിമര്‍ശനം നീളുന്നതും സോണിയക്ക് നേരെയാണ്. ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായ കാലത്താണ് അധോഗതി തുടങ്ങിയതെന്നും ചാക്കോ തുറന്നടിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയുമായും നെഹറു കുടുംബവുമായുള്ള അടുപ്പമാണ് ഷീലയെ തുണച്ചിരുന്നത്. എന്നാല്‍, കെജരിവാളിന്റെ വരവോടെ കോണ്‍ഗ്രസ്സിന്റെ അടിവേരാണ് തകര്‍ക്കപ്പെട്ടിരുന്നത്.

അഴിമതിയില്‍ മുങ്ങിയ ഭരണം കണ്ട ഡല്‍ഹി ജനത, ഒരു മാറ്റം ശരിക്കും ആഗ്രഹിച്ചു. അത് അവര്‍ ആം ആദ്മി പാര്‍ട്ടി യിലൂടെ നടപ്പാക്കുകയും ചെയ്തു.

ഇനി ഒരു തിരിച്ചുവരവ് ഡല്‍ഹിയെ സംബന്ധിച്ച് കോണ്‍ഗ്രസ്സിന് എളുപ്പമല്ല. അക്കാര്യം നേതാക്കള്‍ തന്നെ തുറന്നുസമ്മതിക്കുന്നുമുണ്ട്.രാജ്യത്തെ ഇപ്പോഴത്തെ പൊതു സ്ഥിതിയും കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നതാണ്.

ഭരണമുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, സംസ്ഥാനങ്ങളിലും, കാര്യങ്ങള്‍ അവതാളത്തിലാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഗ്രൂപ്പിസം അതിരൂക്ഷമാണ്.

മുഖ്യമന്ത്രിമാര്‍ക്കെതിരെ ഇവിടെ വാളോങ്ങി നില്‍ക്കുന്നത് യുവ നേതാക്കളാണ്. സച്ചിന്‍ പൈലറ്റും ജോതിരാദിത്യ സിന്ധ്യയും വലിയ കലിപ്പിലാണുളളത്. ജോതിരാദിത്യ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും ശക്തമാണ്. കശ്മീര്‍ വിഷയത്തിലടക്കം ബി.ജെ.പി നിലപാടിനെയാണ് അദ്ദേഹം പിന്തുണച്ചിരുന്നത്. പൗരത്വ ഭേദഗതി വിഷയത്തിലും രണ്ട് അഭിപ്രായമാണ് കോണ്‍ഗ്രസ്സിലുള്ളത്. ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ഇതുവരെ പ്രമേയം അവതരിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പോണ്ടിച്ചേരി പോലും പ്രമേയം പാസാക്കി കഴിഞ്ഞിട്ടുമുണ്ട്. മധ്യപ്രദേശില്‍ മന്ത്രിസഭ മാത്രമാണ് പ്രമേയം പാസാക്കിയത്. നിയമസഭയില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ്സ് പിന്തുണയോടെ ഭരിക്കുന്ന ജാര്‍ഖണ്ഡും, മഹാരാഷ്ട്രയുമാണ് പ്രമേയം അവതരിപ്പിക്കാത്ത മറ്റു സംസ്ഥാനങ്ങള്‍. എന്തു കൊണ്ട് ഈ സംസ്ഥാനങ്ങള്‍ മുഖം തിരിക്കുന്നു എന്ന ചോദ്യത്തിനും കോണ്‍ഗ്രസ്സിനിപ്പോള്‍ മറുപടിയില്ല. കേരളത്തില്‍ ഉള്‍പ്പെടെ ഈ ചോദ്യം ഉയര്‍ത്തി കോണ്‍ഗ്രസ്സിനെ ഇടതുപക്ഷം വെട്ടിലാക്കി കഴിഞ്ഞിട്ടുണ്ട്.

സി.എ.എക്ക് എതിരായ പ്രക്ഷോഭത്തിലും ഏറെ പിന്നിലാണ് കോണ്‍ഗ്രസ്സ്.

ഒരു ഉറച്ച നിലപാട് ഹൈക്കമാന്റിന് പോലും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് ഡല്‍ഹിയിലും ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടാന്‍ പ്രധാന കാരണം.

ആകെ ആശയ കുഴപ്പത്തിലാണിപ്പോള്‍ ഹൈക്കമാന്റ്. വയനാട് എം.പിയായി മാത്രം ഒതുങ്ങാനാണ് രാഹുലിന്റെ തീരുമാനം. പ്രിയങ്ക അധ്യക്ഷ സ്ഥാനത്ത് വന്നാല്‍ റോബര്‍ട്ട് വാദ്രയുടെ കയ്യിലാകും ഇനി കോണ്‍ഗ്രസ്സ്. ഈ ഭയം ശരിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ രാഹുലിന്റെ മനസ്സ് മാറ്റാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

അതേ സമയം പി.സി ചാക്കോക്ക് പിന്നാലെ ആന്റണിയും കേരളത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്. പ്രിയങ്ക വന്നാല്‍ കെ.സിയുടെ കസേരയും തെറിക്കാനാണ് സാധ്യത. ഇതുകൂടി മുന്നില്‍ കണ്ടാണ് കെ.സിയുടെ കരുനീക്കം. മുഖ്യമന്ത്രി കസേരയാണ് ആന്റണിയും കെ.സിയും ലക്ഷ്യമിടുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്താനാണ് ഇരുവരുടെയും നീക്കം.

മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലക്കാണ് ഈ നീക്കങ്ങളെല്ലാം തിരിച്ചടിയാവുക.ഐ ഗ്രൂപ്പില്‍ ഇപ്പോള്‍ തന്നെ കെ മുരളീധരന്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതും ചെന്നിത്തലക്ക് ഭീഷണിയാണ്.

അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന പതിവില്‍ വിശ്വാസമര്‍പ്പിച്ചാണ് നേതാക്കളെല്ലാം മുന്നോട്ട് പോകുന്നത്. ഈ പതിവ് തെറ്റിച്ച്, പിണറായി ഭരണ തുടര്‍ച്ച നേടിയാല്‍ ‘പണി പാളും’

അത്തരമൊരു സാഹചര്യത്തില്‍ യു.ഡി.എഫ് സംവിധാനം തന്നെ തകര്‍ന്നടിയും. ഈ സാധ്യത രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ന്യൂനപക്ഷ സമുദായം യു.ഡി.എഫില്‍ നിന്നും അകന്നതായാണ് പൊതു വിലയിരുത്തല്‍. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇടതുപക്ഷം നേടിയ മേധാവിത്വമാണ് ഇതിനു കാരണം.

യു.ഡി.എഫ് വോട്ട് ബാങ്കാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. എസ്.എഫ്.ഐ മുതല്‍ സി.പി.എം വരെ, പ്രക്ഷോഭവുമായി തെരുവില്‍ സജീവമായിരുന്നു. മനുഷ്യ മഹാ ശൃംഖല മഹാ സംഭവമായി മാറുകയും ചെയ്തു.80 ലക്ഷം പേരാണ് ഈ ശൃംഖലയില്‍ പങ്കെടുത്തിരുന്നത്.

ശൃംഖലയില്‍ നിന്നും വിട്ടുനിന്നതാണ് യു.ഡി.എഫ് കാട്ടിയ വലിയ മണ്ടത്തരം. പ്രതിപക്ഷ നീക്കങ്ങളെല്ലാം ശരിക്കും പിഴക്കുന്ന കാഴ്ചകളാണ് പിന്നീട് കേരളം കണ്ടത്. യു.ഡി.എഫ്, സി.എ.എക്ക് എതിരെ സൃഷ്ടിച്ച ഭൂപടം പോലും വെറും ‘പടമായി’ മാത്രമാണ് മാറിയത്.

നിയമസഭയില്‍ പിണറായിയെ കുരുക്കാന്‍ ശ്രമിച്ചതും യു.ഡി.എഫിന് കുരുക്കായിട്ടുണ്ട്. ഗവര്‍ണ്ണറെ കൊണ്ടുതന്നെ സര്‍ക്കാര്‍ നിലപാട് പറയിക്കുന്നതില്‍ വിജയിച്ചതും മുഖ്യമന്ത്രിയാണ്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഇടപെട്ടതെല്ലാം ചെന്നിത്തല തന്നെ കുളമാക്കുകയാണുണ്ടായത്. കോണ്‍ഗ്രസ്സില്‍ മാത്രമല്ല, ഭിന്നത മുസ്ലീം ലീഗിലും കേരള കോണ്‍ഗ്രസ്സിലും പ്രകടമാണ്.

മനുഷ്യശൃംഖലയില്‍ പങ്കെടുക്കാതെ മാറി നിന്നതാണ് ലീഗിനെ വെട്ടിലാക്കിയിരിക്കുന്നത്. സമസ്തയടക്കം ശൃംഖലയില്‍ കണ്ണികളായതും ലീഗിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ബേപ്പൂരില്‍ മണ്ഡലം നേതാവിനെ പുറത്താക്കിയതും അണികള്‍ക്ക് ദഹിച്ചിട്ടില്ല. ലീഗ് ശക്തികേന്ദ്രങ്ങളില്‍ നിന്നും വിലക്ക് ലംഘിച്ചാണ് പ്രവര്‍ത്തകര്‍ ശൃംഖലയില്‍ കണ്ണികളായിരുന്നത്.

തമ്മിലടി രൂക്ഷമായ കേരള കോണ്‍ഗ്രസ്സില്‍, ഒരു വിഭാഗം ഏത് നിമിഷവും ഇടത്തോട്ട് ചായാനാണ് നിലവില്‍ ശ്രമിക്കുന്നത്. ഇതിന് സി.പി.എമ്മിന്റെ ഗ്രീന്‍ സിഗ്‌നലിനായാണ് അവരുടെ കാത്തിരിപ്പ്.

ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും കരുത്താണ് യു.ഡി.എഫിന്റെ പ്രധാന ശക്തി.മധ്യമേഖലയില്‍ കേരള കോണ്‍ഗ്രസ്സും മലബാറില്‍ ലീഗുമാണ് മുന്നണിക്ക് ജീവന്‍ നല്‍കുന്നത്.ഇതില്‍ ഒരു കക്ഷി അടര്‍ന്ന് പോയാല്‍ പോലും യു.ഡി.എഫിന് അത് വലിയ പ്രഹരമാകും.

ലീഗ് യു.ഡി.എഫില്‍ തുടര്‍ന്നിട്ടും ഇനി വലിയ കാര്യമുണ്ടാകാന്‍ സാധ്യതയില്ല. അത്രമാത്രമാണ് അവരുടെ വോട്ട് ബാങ്ക് ഉലഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആ പാര്‍ട്ടിയിലെ അണികളും വലിയ നിരാശയിലാണ്.

ഈ സാഹചര്യത്തില്‍ ഇടത് ഭരണ തുടര്‍ച്ചക്കുള്ള സാധ്യതയാണ് വീണ്ടുമിപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.

Political Reporter

Top