നാഥനെ കണ്ടെത്തിയാലും തീരില്ല തലവേദന; ‘എല്ലാം ശരിയാകാന്‍’ ഇതും ശരിയാകണം!

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും തോറ്റു, അതോടെ കോണ്‍ഗ്രസില്‍ ആ ആവശ്യം വീണ്ടും കൊടിപൊക്കിയിരിക്കുന്നു. പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തി വീണ്ടും നേതൃമാറ്റമെന്ന ആവശ്യം അല്‍പ്പം പരിഷ്‌കരിച്ച് എത്രയും വേഗം നേതാവിനെ കണ്ടെത്തണമെന്നാണ് ആവശ്യം ഉയരുന്നത്. പല നേതാക്കളും സോഷ്യല്‍ മീഡിയയിലും, അഭിമുഖങ്ങളിലും ‘റാഡിക്കലായ’ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

2019 മെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയതോടെയാണ് പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഗാന്ധി രാജിവെച്ചിറങ്ങിയത്. ഗാന്ധി-നെഹ്റു കുടുംബത്തില്‍ നിന്നും അടുത്ത നേതാവ് വരേണ്ടെന്ന് കൂടി പ്രഖ്യാപിച്ചുള്ള ആ ഇറങ്ങിപ്പോക്ക് എങ്ങുമെത്തിയില്ല. എന്ന് മാത്രമല്ല മൂന്ന് മാത്രം ചര്‍ച്ച ചെയ്ത് അമ്മ സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരിച്ചെത്തിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്ക് സാധിച്ചത്. പുതിയൊരു പ്രസിഡന്റിനെ കണ്ടെത്തുന്നത് വരെയാണ് സോണിയയുടെ ഈ ഇടക്കാല സ്ഥാനം.

ലോക്സഭയില്‍ തോറ്റെങ്കിലും ഹരിയാനയില്‍ ജയിക്കുകയും, മഹാരാഷ്ട്രയിലും, ജാര്‍ഖണ്ഡിലും സഖ്യത്തില്‍ ഭരണപങ്കാളികളാകുകയും ചെയ്തതിന്റെ ആശ്വാസം കോണ്‍ഗ്രസിനുണ്ട്. ഹരിയാനയില്‍ മാത്രമാണ് ബിജെപിയോട് അവര്‍ നേരിട്ട് മുട്ടിയത്. ഈ പാതിവിജയങ്ങളുടെ ബലത്തില്‍ ഒതുങ്ങിപ്പോയ നേതൃചര്‍ച്ചകളാണ് ഡല്‍ഹി തോല്‍വിയോടെ പുനരുജ്ജീവിച്ചത്. ബിജെപിയെ തോല്‍പ്പിക്കുന്ന ഉത്തരവാദിത്വം സംസ്ഥാന പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കിയെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടങ്ങള്‍ കടയടച്ച് പോകുന്നതാണ് നല്ലതെന്നാണ് ഡല്‍ഹി എഎപി വിജയം ആഘോഷിച്ച കോണ്‍ഗ്രസ് നേതാക്കളെ പ്രണബ് മുഖര്‍ജിയുടെ മകള്‍ കൂടിയായ ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ശര്‍മ്മിഷ്ഠ മുഖര്‍ജി ഓര്‍മ്മിപ്പിച്ചത്.

ഹൈക്കമാന്‍ഡില്‍ രാഹുലിനെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമം സല്‍മാന്‍ ഖുര്‍ഷിദിനെ പോലുള്ള നേതാക്കള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ നേതൃസ്ഥാനത്ത് ഒരു നാഥനെ കിട്ടിയാലും കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ ശക്തി കൈവരില്ല. ഭരണം നിര്‍വ്വഹിക്കുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും, മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പരസ്പരം ചെളിവാരി എറിയുമ്പോള്‍ രാജസ്ഥാനില്‍ മുഖ്യന്‍ അശോക് ഖലോട്ടും, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഈ പരിപാടിയില്‍ സജീവമാണ്.

പാര്‍ട്ടിയുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ശരിയാക്കണം എന്ന വസ്തുതയാണ് കോണ്‍ഗ്രസ് മറക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ജാര്‍ഖണ്ഡ്, ത്രിപുര, സിക്കിം, നാഗാലാന്‍ഡ് എന്നീ 11 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ലാതായിക്കഴിഞ്ഞു. ഇവിടങ്ങളില്‍ ലോക്സഭയിലേക്ക് 280 സീറ്റുകള്‍ ഉണ്ടെന്ന് ഓര്‍ക്കണം.

ഉത്തര്‍പ്രദേശില്‍ ശക്തി തിരിച്ചുപിടിക്കാന്‍ പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നുണ്ടെങ്കിലും ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപിയെ നേരിടാനുള്ള പണി കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കിക്കഴിഞ്ഞു. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പൊടിപോലും കാണാനില്ല. പശ്ചിമ ബംഗാളില്‍ 2014 വരെ കാണാതിരുന്ന ബിജെപിയാണ് ഇപ്പോള്‍ തൃണമൂലിന്റെ മുഖ്യ എതിരാളി.

മറ്റ് 15 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും ബാക്കിയുള്ളത് കൊണ്ട് പൂര്‍ണ്ണമായി രാജ്യത്ത് നിന്നും അവര്‍ ഇല്ലാതായിട്ടില്ലെന്ന ആശ്വസിക്കാം. എന്നാല്‍ പുതുതലമുറ നേതാക്കളെ കണ്ടെത്തി, മുന്നോട്ട് കൊണ്ടുവരാന്‍ സാധിക്കാതെ പോയാല്‍ ആ ഭയവും സത്യമായേക്കാം. ദേശീയ പ്രസിഡന്റിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടിക്ക് സംസ്ഥാന നേതൃത്വങ്ങളെ എത്രത്തോളം ശരിയാക്കാന്‍ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.

Top