ഡല്‍ഹി തെരഞ്ഞെടുപ്പ് ചൂടില്‍; കളം പിടിക്കാന്‍ ഒരുങ്ങി ബിജെപി, പ്രചാരണം ഊർജിതം

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ചൂടില്‍ പൊള്ളുമ്പോള്‍ കളം പിടിക്കാന്‍ ഒരുങ്ങി ബിജെപി. ഇതിനായി തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ് മുന്നണികള്‍. ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ആണ് മുഖ്യ പ്രചാരകര്‍. ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, ഹര്‍ഷവര്‍ധന്‍, തുടങ്ങിയവരും പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും.

അമിത് ഷാ ഇന്ന് മൂന്നു യോഗങ്ങളില്‍ പങ്കെടുക്കും. മടിയാളയില്‍ വൈകിട്ട് ആറിനാണ് ആദ്യ യോഗം. ഉത്തംനഗറില്‍ അമിത് ഷാ ഏഴ് മണിക്ക് പദയാത്രയില്‍ സംബന്ധിക്കും.

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യും. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതില്‍ പ്രമുഖന്‍. മുന്‍മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും അര്‍ജുന്‍ മുണ്ടെയും അടക്കം വോട്ട് പിടിക്കാനായി കളത്തിലിറങ്ങും.

നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ഡല്‍ഹിയില്‍ പ്രധാന പോരാട്ടം. കോണ്‍ഗ്രസും ശക്തിയായി മത്സരരംഗത്തുണ്ടാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് പട്ടികയില്‍ ഉള്ളത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 40 താരപ്രചാരകരാണ്.

ആം ആദ്മി പാര്‍ട്ടിയും പ്രചരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. കെജ്രിവാളിന്റെ റോഡ് ഷോ ഇന്നും ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ തുടരും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ ഉള്ളവരും റോഡ് ഷോ തുടരുകയാണ്.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയിലെ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണലും.ഏതായാലും പ്രചരണങ്ങള്‍ കൊഴുക്കുമ്പോള്‍ ഇക്കുറി ഡല്‍ഹി ആര് പിടിച്ചെടുക്കുമെന്ന് കണ്ടറിയാം.

Top