1.47 കോടിയോളം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും; രാവിലെ ആറ് മുതല്‍ പോളിങ്

ന്യൂഡല്‍ഹി: 70 മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ഥികളുമായി 1.47 കോടിയോളം വോട്ടര്‍മാര്‍ ഇന്നു ഡല്‍ഹിയുടെ വിധിയെഴുതും.അഞ്ചു വര്‍ഷം മുന്‍പു സ്വന്തമാക്കിയ 70ല്‍ 67 സീറ്റെന്ന കൊടിപാറിയ വിജയത്തിന്റെ പകിട്ടു കൂട്ടാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി(എഎപി)യും, ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റ് പിടിച്ചടക്കിയ ആവേശത്തില്‍ ബിജെപിയും, കൈവിട്ട ദേശീയ തലസ്ഥാനം തിരികെ ‘കൈ’പ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസും മത്സരിക്കുമ്പോള്‍ ആരു വിജയിക്കും എന്ന ആകാംക്ഷയിലാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ കനത്ത ചൂടില്‍ നില്‍ക്കുമ്പോഴും ഡല്‍ഹിയില്‍ ഇന്നേവരെ കാണാത്തവിധം കനത്ത പ്രചാരണമായിരുന്നു ഇത്തവണ ഉണ്ടായത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തലസ്ഥാനമൊട്ടാകെ കനത്ത സുരക്ഷയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. ഷഹീന്‍ബാഗിലെ അഞ്ച് പോളിങ് സ്റ്റേഷനുകളും അതീവജാഗ്രതാ മേഖലയായാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനായി ഒട്ടേറെ പ്രചാരണ പരിപാടികളും നടത്തി. പ്രതിഷേധക്കാരെ കണ്ടും പ്രത്യേകം ക്യാംപെയ്ന്‍ നടത്തി. ഓഖ്ല മണ്ഡലത്തിനു കീഴിലാണ് ഷഹീന്‍ ബാഗ്.

തലസ്ഥാനത്താകെ 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 19,000 ഹോം ഗാര്‍ഡുകളും കേന്ദ്ര സായുധ പൊലീസ് സേനയുടെ 190 കമ്പനിയും സുരക്ഷയ്ക്കായി രംഗത്തുണ്ട്. 516 കേന്ദ്രങ്ങളും 3704 പോളിങ് ബൂത്തുകളും അതീവ ജാഗ്രതാ പട്ടികയിലാണ്. ഇവിടങ്ങളില്‍ പൊലീസിനൊപ്പം അര്‍ധസൈനിക വിഭാഗവും കാവലൊരുക്കും. വോട്ടിങ് നടപടികള്‍ വെബ്കാസ്റ്റിങ്ങിലൂടെ തത്സമയം നിരീക്ഷിക്കും. എല്ലാ പോളിങ് ബൂത്തുകളിലും സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ഒരുങ്ങിക്കഴിഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ക്കും കനത്ത കാവലാണ്. മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണം വ്യാഴാഴ്ച വൈകിട്ട് ആറിനാണ് അവസാനിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.

Top