മലിനീകരണത്തില്‍ മുങ്ങി ഡല്‍ഹി ; സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ദേശീയഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ദേശീയഹരിത ട്രിബ്യൂണല്‍.

നിലവിലെ അപകട സാഹചര്യം ഒഴിവാക്കുന്നതിന് ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹരിത ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ഇപ്പോഴും അപകടകരമായ നിലയില്‍ തുടരുകയാണ്.

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയുന്നതിലും അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ദേശീയഹരിത ട്രിബ്യൂണല്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.

പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സംസ്ഥാനങ്ങള്‍ക്കെതിരെ ദേശീയഹരിത ട്രിബ്യൂണല്‍ വിമര്‍ശമുന്നയിച്ചത്.

പാടങ്ങള്‍ കത്തിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താത്തതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതുമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതെന്ന് ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ട്രിബ്യൂണല്‍ ഇടപെട്ട ശേഷം മാത്രമാണ് ഏതെങ്കിലും വിധത്തിലുളള നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചതെന്നും ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.

ആശുപത്രികളിലേക്ക് പോയിക്കഴിഞ്ഞാല്‍ സാഹചര്യത്തിന്റെ ഗൗരവം സര്‍ക്കാരുകള്‍ക്ക് മനസ്സിലാകുമെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമായിത്തുടരുകയാണ്. ശ്വാസതടസ്സം, കണ്ണുനീറ്റല്‍, തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.

സമാനസാഹചര്യം തുടരുകയാണെങ്കില്‍ കൃത്രിമ മഴപെയ്യിക്കുന്നത് അടക്കം ആലോചനയിലുണ്ട്.

Top