കൊറോണ; യുപിയിലും കേരള മാതൃക,എട്ടാം ക്ലാസുവരെയുള്ള പരീക്ഷകള്‍ ഒഴിവാക്കി

exam

ലക്‌നൗ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ലോകരാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും ഉള്ള നിര്‍ദേശങ്ങള്‍ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും അടച്ച് പൂട്ടിയിരുന്നു. കേരളത്തില്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ നടത്താതെ ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും മാത്രമായി പരീക്ഷകള്‍ നടത്തി.

ഇപ്പോഴിതാ ഉത്തര്‍പ്രദേശിലും കേരള മാതൃകയില്‍ പരീക്ഷകള്‍ ഒഴിവാക്കി. എട്ടാം ക്ലാസുവരെയുള്ള പരീക്ഷകളാണ് ഒഴിവാക്കിയത്. ഇതോടെ എട്ടാം ക്ലാസുവരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും പരീക്ഷയില്ലാതെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ വര്‍ഷത്തിലെ മുഴുവന്‍ പ്രകടനവും വിലയിരുത്തിയാവും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയെന്നും സ്‌കൂളുകള്‍ അടച്ചിടേണ്ടിവരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും യുപി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ദിനേഷ് ശര്‍മ പറഞ്ഞു.

അതേസമയം, ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടുവരെ നീട്ടിവച്ചു. കൊറോണ വൈറസ് സംശയിച്ച് നിരവധി അധ്യാപകര്‍ നിരീക്ഷണത്തിലായതോടെയാണ് തീരുമാനം.

Top