‘ഡല്‍ഹി ക്രൈമി’ന് മികച്ച സീരീസിനുള്ള എമ്മി പുരസ്‌കാരം

2012 ഡിസംബര്‍ 16 രാത്രി 9.00 മണിക്കായിരുന്നു ഡല്‍ഹി വസന്ത് വിഹാറില്‍ താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസില്‍ കയറിയ യുവതിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്. രാജ്യത്തെ നടുക്കിയ ഈ സംഭവത്തിന് അന്ത്യം കുറിച്ച് 2020 മാര്‍ച്ച് 20നായിരുന്നു നിര്‍ഭയ കേസിലെ പ്രതികളെ തൂക്കി കൊന്നത്. നിര്‍ഭയ കേസും അതിന്റെ നാള്‍വഴികളും ആസ്പദമാക്കി ഒരുക്കിയ സീരീസായിരുന്നു ഡല്‍ഹി ക്രൈം. നെറ്റ്ഫ്‌ലിക്‌സ് വഴി 2019 മാര്‍ച്ച് 22 മുതല്‍ മുതല്‍ ഏഴ് എപ്പിസോഡുകളായാണ് ഇത് പുറത്തിറങ്ങിയത്.

ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്ത സംവിധാനം ചെയ്ത ഈ സീരീസിന് മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഡല്‍ഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ ചിത്രീകരിച്ചിരിക്കുകയാണ്. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.

പ്രതികള്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിനൊപ്പം, കുറ്റവാളികളുടെ ക്രൂരതയുടെ ആഴവും അത് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും സീരീസ് അവതരിപ്പിക്കുന്നുണ്ട്. വിദേശ മാധ്യമങ്ങളും നിരൂപകരും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് ഡല്‍ഹി ക്രൈമിനെ വിശേഷിപ്പിച്ചത്.

Top