Delhi court to hear complaint against Salman Khan, Shah Rukh Khan

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും എതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് ഡല്‍ഹി കോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു.

സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ടെലിവിഷന്‍ പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്നായിരുന്നു പരാതിയില്‍. ഇത് ഭക്തരുടെ മതവികാരം
വ്രണപ്പെടുത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഗൗരവ് ഗുലാത്തിയാണ് പരാതിപ്പെട്ടത്.

ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിക്കിടയിലാണ് ഖാന്മാര്‍ കാളീ ക്ഷേത്രത്തില്‍ ഷൂസിട്ട് കയറിയതെന്നും ക്ഷേത്ര വിഗ്രഹം ദൃശ്യങ്ങളില്‍ വ്യക്തമാണ് എന്നും
പരാതിയില്‍ പറയുന്നു.

രൂപ് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫിബ്രവരി 12ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Top