ലോക്ക് ഡൗണ്‍; ജനങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്ക് ഗോതമ്പും ഉറപ്പാക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.

മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്ക് ഗോതമ്പും രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗങ്ങള്‍ വിശദീകരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയ മന്ത്രി കരാര്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുമെന്നും വ്യക്തമാക്കി.

ആളുകള്‍ പരിഭ്രാന്തരായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല, സാമൂഹിക അകലം നിര്‍ബന്ധമാണെന്നും കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യസംബന്ധമായ വിഷയം ഉണ്ടെങ്കില്‍ ഡോക്ടര്‍മാരെ ഉടന്‍ കാണണമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top