കൊറോണ ഭീതി; ട്രെയിനുകളിലെ കാറ്ററിംഗ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കും. മാര്‍ച്ച് 22 മുതല്‍ കാറ്ററിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ഐആര്‍സിടിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐആര്‍സിടിസിയുടെ കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്‌മെന്റ് റൂമുകളും സെല്‍ കിച്ചണുകളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ പുറത്തുനിന്നു കൊണ്ടുവന്നു ഭക്ഷണവിതരണം നടത്തുന്നവര്‍ക്ക് അതു തുടരാമെന്നും ഐആര്‍സിടിസി സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, നിരവധി ട്രെയിനുകള്‍ റെയില്‍വേ വെട്ടിക്കുറച്ചിട്ടുണ്ട്.

രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ ട്രെയിനുകളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സര്‍വീസ് അവസാനിപ്പിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ സബര്‍ബന്‍ ട്രെയിന്‍സര്‍വീസുകള്‍ നാളെ വെട്ടിക്കുറയ്ക്കും.

Top