കൊറോണ വൈറസ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല: ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. നിലവില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ആയിരത്തോളം ആളുകള്‍ കൊറോണ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് ബാധയെ പ്രതിരോധിക്കാനായി എല്ലാ മുന്‍കരുതലുകളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും കൊറോണ ബാധ കണക്കിലെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി.

പ്രത്യേകവിമാനം അയച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടു വരാനുള്ള സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചന. എത്രയും വേഗം നാട്ടില്‍ എത്തിക്കുമെന്ന് എംബസിയും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Top