ചൈനയിലെ കൊറോണ; അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമം, ഇന്ത്യ ആശങ്കയില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മറികടക്കാന്‍ മറ്റുരാജ്യങ്ങളെ ആശ്രയിക്കാനൊരുങ്ങി ഇന്ത്യ.

തുണിത്തരങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, കീടനാശിനികള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് അടിയന്തരമായി ഇപ്പോള്‍ ആവശ്യമുള്ളത്. വൈറസിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി 50 ശതമാനത്തോളമാണ് കുറഞ്ഞത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാഹനങ്ങളുടെയും മറ്റും യന്ത്രഭാഗങ്ങള്‍, തുണികള്‍, ആശുപത്രി ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. കൊറോണ ബാധയെ തുടര്‍ന്ന് ഇവയുടെ ഉത്പാദനം വലിയതോതില്‍ കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ ഇതിന് ആവശ്യമായ ബദല്‍ സംവിധാനം തേടുകയാണ് ഇന്ത്യ.

ഈ സാഹചര്യത്തില് സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി കേന്ദ്ര വ്യവസായ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകളുടെ നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇവിടങ്ങളില്‍ നിന്ന് വാങ്ങണമെന്നാണ് കരുതുന്നത്.

അതേസമയം, ചൈനയിലെ വ്യവസായശാലകള്‍ ഏപ്രിലോടെ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Top