ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകം; ഹോട്ടലുകളില്‍ കോഴിയിറച്ചി നിരോധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകമാകുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചു. നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് നിരോധന ഉത്തരവിറക്കിയത്.

മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചിയോ വിളമ്പിയാല്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കോര്‍പറേഷനിലെ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളില്‍ പകരാറുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. എന്നാല്‍ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാല്‍ അത് വലിയ അപകടമുണ്ടാക്കും. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പകരുന്ന കാര്യം കണ്ടെത്തിയത്.

Top