ദീപാവലി ദിനത്തില്‍ ജയിലിലായ എഎപി നേതാക്കളുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ജയിലിലായ എഎപി നേതാക്കളുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുടെ വീടുകളിലാണ് കെജ്രിവാള്‍ സന്ദര്‍ശിച്ചത്. സത്യത്തിന് വേണ്ടിയുളള പോരാട്ടത്തില്‍ ഞങ്ങളുടെ എല്ലാ കുടുംബവും ഒരുമിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ എക്‌സില്‍ കുറിച്ചു. കുടുംബത്തോടൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ കുറിപ്പ്.

വിദ്യാഭ്യാസ മന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയുടെ വീട്ടിലും അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശനം നടത്തി. ഡല്‍ഹി മദ്യനയ കേസിലാണ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും എഎപിയുടെ മുന്‍ വക്താവുമായ സഞ്ജയ് സിങിനേയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ നാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്. റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. സിബിഐയും ഇ ഡിയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ജയിലിലാണ് സിസോദിയ.

‘ദീപാവലിയോട് അനുബന്ധിച്ച് മനീഷ് സിസോദിയയുടേയും സഞ്ജയ് സിങിന്റേയും വീടുകളില്‍ സന്ദര്‍ശനം നടത്തി. അവരുമൊത്ത് ഈ ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ചു. എത്ര പ്രയാസകരമായ സമയമാണെങ്കിലും എല്ലാ കുടുംബവും ഒരുമിക്കും. ഞങ്ങള്‍ സത്യത്തിന് വേണ്ടി പോരാടും. അവസാനം സത്യം മാത്രമെ വിജയിക്കൂ,’ കെജ്രിവാള്‍ പറഞ്ഞു.

 

Top