ദില്ലി ചലോ മാര്‍ച്ച് ; പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ അറുപതിടങ്ങളില്‍ ഇന്ന് കര്‍ഷകര്‍ ട്രെയിന്‍ തടയും

ഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ അറുപതിടങ്ങളില്‍ ഇന്ന് കര്‍ഷകര്‍ ട്രെയിന്‍ തടയും. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണം. രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടയുക. പ്രതിഷേധം നേരിടുന്നതിന്റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ എത്തി പ്രതിഷേധം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും കര്‍ഷകര്‍ അറിയിച്ചു.

പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുമുണ്ട്. വിളകള്‍ക്ക് പരമാവധി താങ്ങ് വില നല്‍കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. വിളകള്‍ക്കെല്ലാം ന്യായമായ വില ലഭിക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കയ്യൊഴിയാനാകില്ലെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലെവാള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 1.38 ലക്ഷം രൂപയ്ക്ക് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ വിളകള്‍ക്ക് താങ്ങ് വില നല്‍കാന്‍ തയ്യാറാകുന്നില്ല എന്നാണ് പറയുന്നത്. കിസാന്‍ മസ്ദൂര്‍ നേതാവ് സര്‍വാന്‍ സിങ് പാന്ഥെര്‍ പ്രതിഷേധത്തെക്കുറിച്ച് വിശദീകരിച്ചു. 100 കണക്കിന് കര്‍ഷകര്‍ പഞ്ചാബിലെ വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കിലിരുന്ന് പ്രതിഷേധിക്കും. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെയും ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെയും സമയക്രമം ഇതോടെ താറുമാറാകും.

Top