വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌ മുറികളിലേക്ക് പോകൂ: സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് ക്ലാസ്‌റൂമുകളിലേക്ക് മടങ്ങിപ്പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. പഠിക്കാനാണ് വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റികളിലേക്ക് പോകുന്നത്. അതായിരിക്കണം അവരുടെ പ്രഥമ ലക്ഷ്യമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. 26ാമത് ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ലക്ച്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് രാജ്യവ്യാപകമാകുകയായിരുന്നു. ജാമിയ മിലിയയൂണിവേഴ്‌സിറ്റിയിലും അലിഗഢ് യൂണിവേഴ്‌സിറ്റിയും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറിങ്ങി. പിന്നീട് പൊലീസ് ഇവരെ അടിച്ചമര്‍ത്തിയതോടെ പിന്തുണയുമായി ജെഎന്‍യു വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു.

ഭൂരിപക്ഷം വിദ്യാര്‍ഥികളും ഇന്നും ക്ലാസുകളിലിരുന്ന് പഠിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയുണ്ടായെങ്കില്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളു. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാലേ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂവെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ രാജ്യം കരകയറുമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

ക്ലാസില്‍ ഇരിക്കേണ്ട യുവതലമുറ തെരുവിലിറങ്ങിയിരിക്കുകയാണ്. ചിലര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ആശുപത്രി മുറികളിലാണ്. ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ഓരോ പൗരനും ആദ്യം ചിന്തിക്കേണ്ടതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Top