കള്ളപ്പണക്കേസ്; പ്രതി സി.സി തമ്പിയെ 4 ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ പിടിയിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് മേധാവിയുമായ സി.സി തമ്പിയെ നാല് ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു.

ഡല്‍ഹി റോസ് അവന്യൂ കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 28 ന് പരിഗണിക്കും. കേസില്‍ മൂന്നു സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ചോദ്യം ചെയ്യലില്‍ പുരോഗതിയുണ്ടെന്നുംഎന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

അതേസമയം തമ്പിക്ക് അര്‍ബുദം കൂടാതെ മൂത്രാശയ പ്രശ്‌നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. 2019 ജൂണ്‍ മുതല്‍ ഇതുവരെ, 60 മുതല്‍ 80 മണിക്കൂര്‍ ചോദ്യം ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോള്‍ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നല്‍കണമെന്നും തമ്പിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പ്രതിഭാഗത്തിന് പറയാനാകില്ലെന്ന് ഇഡി വിശദീകരിച്ചു. കേസില്‍ പ്രധാന പ്രതി സഞ്ജയ് ഭണ്ഡാരിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് വരെ നല്‍കിയിട്ടുണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. വാദം അംഗീകരിച്ച കോടതി ഇഡിക്ക് നാല് ദിവസത്തേക്ക് കൂടി സമയം അനുവദിക്കുകയായിരുന്നു.

റോബർട്ട് വദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. അതിനാല്‍ റോബര്‍ട്ട് വദ്രയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്‌ എന്നാണ് സൂചന.

ജൂണിലും ഡിസംബറിലുമായി രണ്ടു തവണ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.

Top