രാമക്ഷേത്ര പ്രഖ്യാപനത്തിന് പിന്നിൽ, മോദിയെ ‘പ്രേരിപ്പിച്ചത് ‘ ഇവർ രണ്ടും ! !

പൗരത്വ നിയമ പ്രക്ഷോഭത്തെയും ഡല്‍ഹി തെരഞ്ഞെടുപ്പിനെയും നേരിടാന്‍ മോഡിയുടെ പൂഴിക്കടകന്‍. രാമക്ഷേത്ര നിര്‍മ്മാണം പെട്ടെന്ന് പ്രഖ്യാപിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭവും ഡല്‍ഹി തെരഞ്ഞെടുപ്പും തിരിച്ചടിയാകുമെന്ന് കണ്ടാണ് ഈ നീക്കം. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ തരംഗത്തെ പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഇല്ലാതിരുന്നിട്ടുകൂടി നാടകീയ നീക്കത്തിലൂടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടിയാണ് തന്ത്രപരമായ ഈ നീക്കം.

ഡല്‍ഹി തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചതായുള്ള പ്രഖ്യാപനം നടന്നിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണ ചുമതല ഇനി ഈ ട്രസ്റ്റിന് ആയിരിക്കും. അയോധ്യയിലെ 67 ഏക്കര്‍ കേന്ദ്ര സര്‍ക്കാര്‍ ഭൂമി ട്രസ്റ്റിന് കൈമാറാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അയോധ്യയില്‍ പള്ളി നിര്‍മിക്കാനുള്ള 5 ഏക്കര്‍ സ്ഥലത്തിന്റെ കാര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഭൂമി എവിടെ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ബാബ്റി മസ്ജിദ് പൊളിച്ച 2.77 ഏക്കര്‍ ഭൂമിക്ക് പുറമേ അതിന് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി കൂടി പുതിയ ട്രസ്റ്റിന് പതിച്ച് നല്‍കാനാണ് തീരുമാനം. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന തര്‍ക്കഭൂമിയുടെ ചുറ്റുമുള്ള ഈ ഭൂമി നേരത്തേ തന്നെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരുന്നതാണ്. നരസിംഹറാവുവിന്റെ കാലത്തായിരുന്നു പ്രത്യേക നിയമനിര്‍മാണം നടത്തി ഭൂമി ഏറ്റെടുത്തിരുന്നത്. ഈ ഭൂമിയുടെ ഒരു വശത്ത് പള്ളി പണിയാന്‍ അനുമതി നല്‍കണമെന്ന് ഏറെക്കാലമായി മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഈ ഭൂമിയില്‍ ഇനി വേറെ നിര്‍മിതികളുണ്ടാകില്ലെന്നും പൂര്‍ണമായും രാമക്ഷേത്രത്തിനായി മാത്രം നല്‍കുമെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതോടെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ കൈക്കലാക്കാനുള്ള ബി.ജെ.പി നീക്കമാണ് ട്രസ്റ്റ് രൂപീകരണത്തിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍ മികച്ച വിജയം നേടുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ എത്തിയതോടെയാണ് ബി.ജെ.പി പ്രതിരോധത്തിലായിരുന്നത്. ഷാഹിന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ 50 ദിവസമായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരെ ശക്തമായ പ്രചരണമാണ് ബി.ജെ.പി നടത്തി വരുന്നത്. ഡല്‍ഹിയില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഡല്‍ഹി തെരഞ്ഞെടുപ്പിനു ശേഷം ഷഹീന്‍ബാഗില്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് അസദുദ്ദീന്‍ ഓവൈസി എംപി ആരോപിച്ചിരിക്കുന്നത്. ഷഹീന്‍ബാഗ് സമരം ഒഴിപ്പിക്കാന്‍ ബലപ്രയോഗവും വെടിവെപ്പുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഓവൈസി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

പൗരത്വ നിയമഭേദഗതിക്കെതിരായ സമരം ഹിന്ദു വോട്ടുകള്‍ എതിരാക്കുമോ എന്ന ആശങ്ക ആം ആദ്മിക്കുമുണ്ട്. അതിനാല്‍ ഡല്‍ഹിയിലെ വികസനവും ജനക്ഷേമ ഭരണവും പറഞ്ഞാണ് അവര്‍ പ്രധാനമായും വോട്ടുചോദിക്കുന്നത്.

ഡല്‍ഹിക്ക് പിന്നാലെ ബീഹാര്‍ തെരഞ്ഞെടുപ്പിലും പൗരത്വ നിയമഭേദഗതി ബി.ജെ.പിക്ക് പ്രധാന വെല്ലുവിളിയാണ്. മുഖ്യമന്ത്രി നിധീഷ്‌കുമാറിന്റെ ജെ.ഡി.യുവില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രശാന്ത് കിഷോറിനെ നേതൃത്വം പുറത്താക്കിയിട്ടുണ്ട്. ബീഹാറില്‍ പ്രതിപക്ഷ സഖ്യം ഭരണം പിടിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഈ അപകടം കൂടി മുന്നില്‍ കണ്ടാണ് വീണ്ടും രാമക്ഷേത്ര നിര്‍മ്മാണമെന്ന തുരുപ്പുചീട്ടുമായി മോഡി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

നരേന്ദ്രമോഡി എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയത്തിന് വഴിയൊരുക്കിയത് തന്നെ, രാമക്ഷേത്ര പ്രക്ഷോഭമായിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാനും രണ്ട് ലോക്സഭാംഗങ്ങളിലൊതുങ്ങിയ ബി.ജെ.പിയെ ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്താനും വഴിയൊരുക്കിയത് രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭങ്ങളായിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ കോ ഓര്‍ഡിനേറ്ററായിരുന്നു നരേന്ദ്രമോഡി. അദ്വാനിയുടെ രഥയാത്ര ഉയര്‍ത്തിയ ഹിന്ദുത്വവികാരമാണ് വാജ്പേയിയെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണം മുദ്രാവാക്യമാക്കി തീവ്രഹിന്ദുത്വം ഉയര്‍ത്തിയതോടെ 2014ല്‍ മോഡിയും പ്രധാനമന്ത്രിയായി. 2019തില്‍ ഹിന്ദുത്വ ഏകീകരണത്തോടൊപ്പം ദേശീയ വികാരവും ഉയര്‍ത്തിയതാണ് മോഡിയെ രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചിരുന്നത്.തര്‍ക്കഭൂമിയില്‍ രാമക്ഷേത്രവും, തര്‍ക്കഭൂമിക്ക് പുറത്ത് പള്ളിപണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനുമാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും കൂടി വന്‍ വിജയം നേടിയെങ്കിലും ഇന്നത്തെ ബി.ജെ.പിയുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. രാജ്യത്തെ 71 ശതമാനത്തോളം പ്രദേശങ്ങള്‍ മുമ്പ് ബി.ജെ.പിഭരണത്തിലായിരുന്നു. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ഇതില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 35 ശതമാനം സ്ഥലവും 43 ശതമാനം ജനങ്ങളുമായി ബി.ജെ.പി ഭരണം കുറഞ്ഞിരിക്കുകയാണ്. 2018 മുതല്‍ രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിട്ടുവരുന്നത്.

2017 ല്‍ ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങള്‍ മുഴുവന്‍ ബി.ജെ.പിയുടെ ഭരണത്തിലായിരുന്നു.

ഉത്തര്‍പ്രദേശും ഗുജറാത്തും കര്‍ണാടകവും കഴിഞ്ഞാല്‍ വലിപ്പമുള്ള സംസ്ഥാനങ്ങളൊക്കെയും ബി.ജെ.പിയെ കൈവിട്ടു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എമാരെ കാലുമാറ്റിയാണ് കര്‍ണാടകയില്‍ ഭരണംപിടിച്ചിരിക്കുന്നത്.

2018 ല്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കൈവിട്ടപ്പോള്‍ തുടങ്ങിയതാണ് ബി.ജെ.പിയുടെ കഷ്ടകാലം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനായത് എതിര്‍കക്ഷിയെ ഒപ്പം കൂട്ടിയായിരുന്നു. മഹാരാഷ്ട്രയില്‍ ഏറ്റതും കടുത്ത പ്രഹരമാണ്. ശിവസേന, സഖ്യം വിട്ടതോടെ കൈയിലുണ്ടായിരുന്ന ഭരണവും ഇവിടെ നഷ്ടമായി.

12 മാസത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങള്‍ കൈവിട്ടുപോയ ബി.ജെ.പിക്ക് ഡല്‍ഹിയും ബീഹാറും കൈവിടുന്നത് ആത്മഹത്യാപരമായിരിക്കും. ആ തിരിച്ചറിവില്‍ നിന്നാണ് ആയോധ്യ രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തി ഹിന്ദു ഏകീകരണ തന്ത്രം അവരിപ്പോള്‍ പയറ്റിയിരിക്കുന്നത്.

Political Reporter

Top