കെജ്രിവാളിന് നിലനില്‍പ്പിന്റെ പോരാട്ടം; 22 വര്‍ഷത്തെ ഇടവേള തീര്‍ക്കാന്‍ ബിജെപി

ഫെബ്രുവരി 8ന് തങ്ങളുടെ അടുത്ത സര്‍ക്കാരിനെ ഡല്‍ഹിയിലെ 1.5 കോടി വോട്ടര്‍മാര്‍ തെരഞ്ഞെടുക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുന്‍നിര്‍ത്തിയും, സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും ഉപയോഗിച്ച് അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയത ആയുധമാക്കി 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താമെന്നാണ് ബിജെപിയുടെ മോഹം. അതേസമയം കോണ്‍ഗ്രസിന് ഇത്തരം പ്രതീക്ഷകളൊന്നുമില്ല, ഒരൊറ്റ ആഗ്രഹം കെജ്രിവാളിന് രണ്ടാമതൊരു അവസരം നല്‍കിയാലും ബിജെപി അധികാരത്തില്‍ നിന്നും അകറ്റുക എന്നത് മാത്രമാണ്.

ഡല്‍ഹിയില്‍ ‘ഒരു വട്ടംകൂടി കെജ്രിവാള്‍’ എന്ന മുദ്രാവാക്യത്തോടെ എഎപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ആംആദ്മിക്കും, കെജ്രിവാളിനും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഡല്‍ഹിയില്‍ മാത്രമാണ് എഎപി ഭരണത്തിലുള്ളത്. 2015ല്‍ 70 സീറ്റില്‍ 67ഉം പിടിച്ച കെജ്രിവാളും സംഘവും സമ്പൂര്‍ണ്ണ വിജയത്തിന് തന്നെയാണ് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയില്ലെങ്കില്‍ ഒരു അത്ഭുതം കാണിച്ച നേതാവായി ഒതുങ്ങുമെന്ന ഭീഷണിയാണ് കെജ്രിവാള്‍ നേരിടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറുമ്പോഴും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് ബിജെപിക്ക് കീറാമുട്ടിയാണ്. മോദി പ്രഭാവം ആഞ്ഞടിക്കുമ്പോഴും ഡല്‍ഹിയില്‍ വിജയിച്ച് കയറാന്‍ ബിജെപിക്ക് സാധിച്ചില്ല. 2015ല്‍ മൂന്ന് സീറ്റ് മാത്രമാണ് അവരെ കടാക്ഷിച്ചത്. പ്രധാനമന്ത്രി മോദിയെ ആശ്രയിച്ച് തന്നെയാണ് പ്രചരണങ്ങളെങ്കിലും പ്രാദേശിക വിഷയങ്ങള്‍ കൂടി ഉയര്‍ത്തിയാണ് ഇക്കുറി ബിജെപി പ്രചരണം.

ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമപരമാക്കി ഉടമസ്ഥാവകാശം നല്‍കിയാണ് ബിജെപി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നത്. മോദിയുടെ പേരില്‍ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ തോല്‍വി അവര്‍ക്ക് ഈ ഘട്ടത്തില്‍ വലിയ ക്ഷീണമാകും. കോണ്‍ഗ്രസിന്റെ സ്ഥിതി അതിലേറെ ദയനീയമാണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും, 2015 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി കോണ്‍ഗ്രസിനെ ‘സംപൂജ്യരാക്കി’ യാത്രയാക്കി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിത്തിനെ തിരിച്ചെത്തിച്ച് രാഹുല്‍ നടത്തിയ പരീക്ഷണം ഫലം കണ്ടിരുന്നു. എഎപിയെ അഞ്ച് സീറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളാന്‍ അവര്‍ക്ക് സാധിച്ചു, കൂടാതെ വോട്ട് ശതമാനവും കൂടി. എന്നാല്‍ ഷീലാ ദീക്ഷിത്തിന്റെ മരണത്തോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് എന്ത് കിട്ടിയാലും അവര്‍ക്ക് ലാഭമാണ്, ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇരട്ടി മധുരവും.

Top