ഡല്‍ഹിയില്‍ ‘ലക്ഷ്മണ രേഖ’ പൊട്ടി, മോദിയും കെജരിവാളും നേര്‍ക്കുനേര്‍

രിയായ രാഷ്ട്രീയ പോരാട്ടം നടക്കേണ്ട ഡല്‍ഹിയിപ്പോള്‍ ആകെ കലങ്ങി മറഞ്ഞിരിക്കുകയാണ്.

അഭിപ്രായ സര്‍വേകള്‍, ആം ആദ്മി പാര്‍ട്ടിക്ക് മൃഗീയ മേധാവിത്വം വ്യക്തമാക്കിയതോടെയാണ് ഈ പ്രതിഭാസം വ്യക്തമായിരിക്കുന്നത്.

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി ബി.ജെ.പിയാണ് പ്രചരണം വഴിതിരിച്ചു വിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയാണ് ഡല്‍ഹിയില്‍ പ്രചരണം നയിക്കുന്നത്.

രൂക്ഷമായ ഭാഷയിലാണ് ഷഹീന്‍ ബാഗ് സമരത്തിനെതിരെ മോദി ആഞ്ഞടിച്ചിരിക്കുന്നത്. ജാമിയ, സീലാം പൂര്‍, ഷഹീന്‍ ബാഗ് എന്നിവടങ്ങളിലെ സമരത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് ആരോപണം. പ്രധാനമായും ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയുമാണ് മോദി ലക്ഷ്യമിട്ടിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ പോലും അനുകൂലമാക്കി മാറ്റാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ബി.ജെ.പി നേതാക്കള്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിലാകെ ഉയര്‍ത്തിയിരിക്കുന്നത്.

ഒരു മാസത്തിലേറെയായി സി.എ.എ വിരുദ്ധ സമരക്കാര്‍ ഷഹിന്‍ ബാഗില്‍ റോഡ് സ്തംഭിപ്പിച്ചാണ് സമരം നടത്തുന്നത്. വലിയ സ്ത്രീ പങ്കാളിത്വമാണ് ഈ സമരത്തിനുള്ളത്.ഇതിനെതിരെയാണ് പ്രധാനമന്ത്രിയും രംഗത്തിറങ്ങിയിരിക്കുന്നത്. ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ അരാജകവാദികളെ അനുവദിക്കില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവ് ദേകറും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ തീവ്രവാദിയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇതു സംബന്ധമായ നിരവധി
തെളിവുകളുണ്ടെന്നാണ് ഈ ബി.ജെ.പി നേതാവിന്റെ അവകാശവാദം.

‘കെജ്‌രിവാള്‍ നിരപരാധിയുടെ പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കെജ്‌രിവാള്‍ തീവ്രവാദി ആണോയെന്ന് ചോദിച്ചാല്‍ ആണെന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും ഞാന്‍ പറയും. താന്‍ ഒരു വിപ്ലവകാരി ആണെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ഒരു തീവ്രവാദിയും വിപ്ലവകാരിയും തമ്മില്‍ വളരെ അന്തരമുണ്ട്’- ഇതായിരുന്നു ജാവ്‌ദേകറുടെ പ്രതികരണം.

ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്‌ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പിയുടെ മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ജാവ്‌ദേകറിന്റെ പ്രതികരണം പുറത്തുവന്നിരുന്നത്.

നേരത്തെ യു.പി മുഖ്യമന്ത്രി ആദിത്യനാഥും ഷഹിന്‍ ബാഗിലെ സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഡല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്നാണ് യോഗി ആരോപിച്ചിരുന്നത്. ഡല്‍ഹിക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കഴിയാത്ത അരവിന്ദ് കൊജ്രിവാള്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും യോഗി തുറന്നടിച്ചിരുന്നു.

ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു മറ്റൊരു റാലിയില്‍ യോഗി പ്രതികരിച്ചിരുന്നത്.

ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി പര്‍വേശ് സാഹിബ് സിങ് വര്‍മയും രംഗത്ത് വന്നിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ അത്യന്തം പ്രകോപനപരമായ പരാമര്‍ശമാണ് ഈ എംപിയും നടത്തിയിരിക്കുന്നത്.

ബി.ജെ.പി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീന്‍ബാഗ് സമരക്കാരെ തുടച്ചു നീക്കുമെന്നും പര്‍വേശ് വ്യക്തമാക്കിയിട്ടുണ്ട്.

സാമുദായിക ധ്രുവീകരണം വഴി ഡല്‍ഹിയില്‍ അട്ടിമറി വിജയം നേടാനാണ് ബി.ജെ.പി കൊണ്ടുപിടിച്ച് ഇപ്പോള്‍ ശ്രമിക്കുന്നത്.

മോദിയുടെ മൂക്കിന് താഴെ ഒരിക്കല്‍ കൂടി കെജരിവാള്‍ ഒരു ശല്യമായിരിക്കാന്‍ കാവിപ്പട ഒട്ടും ആഗ്രഹിക്കുന്നില്ല.

കേന്ദ്രഭരണ നേട്ടം എന്ന് പറയാന്‍ ചേരിയിലെ അനധികൃത ഫ്‌ളാറ്റുകള്‍ നിയമ വിധേയമാക്കിയത് മാത്രമാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാനുള്ളത്.

ആം ആദ്മി പാര്‍ട്ടിക്കും കെജരിവാളിനുമാകട്ടെ, നടപ്പാക്കിയ പദ്ധതികള്‍ അനവധിയുണ്ട് പറയാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചാണ് ആം ആദ്മി പാര്‍ട്ടി വീണ്ടും ജനവിധി തേടുന്നത് . പാവപ്പെട്ടവര്‍ക്കും മികച്ച വിദ്യാഭ്യാസം,സാജന്യ വൈദുതി, സൗജന്യ ജലം, സൗജന്യ ചികിത്സ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. സ്ത്രീ സുരക്ഷ പദ്ധതികള്‍ തുടങ്ങിയവ കെജ് രിവാള്‍ സര്‍ക്കാറിന്റെ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്.

അഴിമതിരഹിത ഭരണം കാഴ്ചവച്ചു വെന്നതും കെജ് രിവാളിന്റെ താരമൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

കെജരിവാളിന് പകരം ഒത്ത ഒരു എതിരാളി ഇല്ല എന്നതാണ് ബി.ജെ.പി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അതു കൊണ്ട് തന്നെയാണ് അവരിപ്പോള്‍ തന്ത്രവും മാറ്റിയിരിക്കുന്നത്.

ന്യൂനപക്ഷ വോട്ടു കിട്ടിയതു കൊണ്ടു മാത്രം കെജരിവാളിന് വിജയിക്കാന്‍ കഴിയില്ലന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഭൂരിപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി ഒപ്പം നിര്‍ത്താനാണ് അവരുടെ ശ്രമം. അതിനായാണ് ഷഹിന്‍ ബാഗ് സജീവ ചര്‍ച്ചയാക്കി ബി.ജെ.പി നേതാക്കളിപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റും നേടിയാണ് കെജരിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ പക്ഷേ ഫലം മറിച്ചായിരുന്നു. ബി.ജെ.പിയാണ് ഈ തിരഞ്ഞെടുപ്പില്‍ ശരിക്കും നേട്ടം കൊയ്തിരുന്നത്.

മോദി – കെജരിവാള്‍ ഏറ്റുമുട്ടലായി മാറിയാല്‍ ലോകസഭ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.

പ്രചരണ യോഗത്തില്‍ മോദി ആഞ്ഞടിച്ചതും അട്ടിമറി ജയം ലക്ഷ്യമിട്ട് തന്നെയാണ്. സകല ബി.ജെ.പി നേതാക്കളും ഡല്‍ഹിയില്‍ തമ്പടിച്ചാണ് പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ്സ് ചിത്രത്തിലേ ഇല്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മൂന്നാം സ്ഥാനത്തിനു വേണ്ടിയാണ് ആ പാര്‍ട്ടി ഇപ്പോള്‍ ഇവിടെ മത്സരിക്കുന്നത്.

രാജ്യ തലസ്ഥാനമായതിനാല്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം അന്താരാഷ്ട്ര തലത്തിലും പ്രതിഫലിക്കും.കേന്ദ്ര സര്‍ക്കാറിനെതിരായ വിധിയെഴുത്തായും വിലയിരുത്തപ്പെടും. മഹാരാഷ്ട്രക്കും ജാര്‍ഖണ്ഡിനും പുറമെ പ്രതിപക്ഷത്തിന് മറ്റൊരു ജയം മോദി ഒട്ടും ആഗ്രഹിക്കുന്നില്ല. ഏത് വിധേയനേയും ജയിക്കാന്‍ തന്നെയാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയാകട്ടെ, വീണ്ടും ഒറ്റക്ക് ഭരണം പിടിച്ച് ഞെട്ടിക്കാനുള്ള നീക്കത്തിലുമാണ്. വിജയ കാര്യത്തില്‍ മാത്രമല്ല, സീറ്റുകളുടെ എണ്ണത്തിലും സമ്പൂര്‍ണ്ണ ആധിപത്യമാണ് കെജരിവാള്‍ ഇത്തവണയും പ്രതീക്ഷിക്കുന്നത്.

Political Reporter

Top