ഈ വിജയം കെജ്രിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: അഭിനന്ദിച്ച് മമത

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.കെജ്രിവാളിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചത്. കെജ്രിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നായിരുന്നു മമതയുടെ വാക്കുകള്‍.

“മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. വികസനം മാത്രമാണ് വിജയിക്കുക”-മമത പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും രംഗത്ത് വന്നു. ഡല്‍ഹിയിലെ വികസന പദ്ധതികളാണ് എഎപിയുടെ വിജയത്തിനു പിന്നിലെന്നും കെജ്രിവാളിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വിജയിച്ചത് വികസന അജണ്ടയാണ്. അതില്‍ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് രണ്ട് ധ്രുവങ്ങളിലേയ്ക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒന്നുംതന്നെയില്ല, അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ 70 നിയമസഭ സീറ്റില്‍ 61 സീറ്റ് പിടിച്ചാണ് എഎപി മുന്നിട്ട് നില്‍ക്കുന്നത്. ഡല്‍ഹിയില്‍ അധികാരം പിടിക്കുമെന്ന് പറഞ്ഞ ബിജെപിയ്ക്ക് എട്ട് സീറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ ചിത്രത്തില്‍ പോലുമില്ല.

ഇത് കെജ്രിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം; അഭിനന്ദിച്ച് മമത

Top