മോദിയുടെ തട്ടകത്തിൽ വീണ്ടും ആ ശത്രു ? ഭരണ തുടർച്ച ലക്ഷ്യമിട്ട് കെജരിവാൾ…

ല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഇമേജിന് മുന്നില്‍ പകച്ച് കോണ്‍ഗ്രസ്സും ബി.ജെ.പിയും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജരിവാളിനോട് കിടപിടിക്കാവുന്ന ഒരു നേതാവിനെയും ഇവര്‍ക്കാര്‍ക്കും തന്നെ ചൂണ്ടിക്കാട്ടാനില്ല. ഇതു തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെയും കരുത്ത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാന്‍ കഴിഞ്ഞ ബി.ജെ.പിക്ക്, നിയമസഭയില്‍ ചുവട് പിഴച്ചാല്‍ അത് വലിയ തിരിച്ചടിയാകും. രാജ്യ തലസ്ഥാനമായതിനാല്‍ വാര്‍ത്താ പ്രാധാന്യവും ഏറെയാണ്. മഹാരാഷ്ട്രയും ജാര്‍ഖണ്ഡും കൈവിട്ടതിന് തൊട്ടു പിന്നാലെ ഡല്‍ഹി കൂടി കൈവിട്ടാല്‍ അന്താരാഷ്ട്ര തലത്തിലും അതിന്റെ പ്രതിധ്വനിയുണ്ടാകും.

ഇപ്പോള്‍ തന്നെ ചില വിദേശ മാധ്യമങ്ങള്‍ മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തിരിച്ചടി മോദിയുടെ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.ഇന്ത്യയില്‍ മോദിക്ക് കാലിടറുന്നു എന്ന തരത്തിലുള്ള നിരവധി ലേഖനങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ശക്തരായ ലോക നേതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ച മോദിയെ സംബന്ധിച്ച് ഇതൊന്നും സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. പൗരത്വ നിയമത്തിലെ ഭേദഗതി സംബന്ധമായും ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിവരുന്നത്.

ഡല്‍ഹിയില്‍ കാലിടറിയാല്‍ അത് ഈ നിയമം നടപ്പാക്കിയതിലുള്ള ജന രോഷമായി വിലയിരുത്തപ്പെടാനുള്ള സാധ്യതയും കുടുതലാണ്. അതാണിപ്പോള്‍ മോദിയെ ഏറെ അസ്വസ്ഥപ്പെടുത്തുന്നത്.

ഡല്‍ഹിയിലെ വിജയം മോദിയെ സംബന്ധിച്ച് വ്യക്തിപരമായും ഇപ്പോള്‍ അനിവാര്യമാണ്. തന്റെ ഇമേജിന് കോട്ടം തട്ടുന്ന ഒരു വിധിയെഴുത്ത് ഡല്‍ഹിയില്‍ ഉണ്ടാകരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമിത് ഷാ തന്നെയാണ് ഡല്‍ഹിയില്‍ തന്ത്രങ്ങളൊരുക്കുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരും പ്രവര്‍ത്തന രംഗത്ത് സജീവമാണ്. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ഓരോ പ്രദേശവും കേന്ദ്രീകരിച്ചും പ്രത്യേക ജനസമ്പര്‍ക്കവും നടക്കുന്നുണ്ട്. വീടുകളും ഫ്‌ലാറ്റുകളും ചേരികളും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ബി.ജെ.പി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ് മത്സര രംഗത്തുള്ളത് ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഹര്‍ഷ വര്‍ധന്‍, വിജയ് ഗോയല്‍, മനോജ് തിവാരി എന്നിവരും പ്രചരണ രംഗത്ത് ഏറെ സജീവമാണ്.

1998ലാണ് ബി.ജെ.പിക്ക് തലസ്ഥാനത്ത് അധികാരം നഷ്ടമായിരുന്നത്. പച്ചക്കറിയുടെ വില വര്‍ദ്ധനവായിരുന്നു ഒരുപ്രധാന കാരണം.പ്രത്യേകിച്ച് ഉള്ളിവില ഒരു വലിയ പ്രശ്‌നം തന്നെ ആയിരുന്നു. ഇപ്പോഴും ഉള്ളി തന്നെയാണ് ബി.ജെ.പിയെ കരയിക്കുന്നത്.40 ലക്ഷം പേര്‍ക്ക് ഗുണകരമാകുന്ന അനധികൃത കോളനികള്‍ നിയമ വിധേയമാക്കിയത് മാത്രാണ് ബി.ജെ.പിയുടെ ഏക തുറുപ്പ് ചീട്ട്.

2020ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2015ല്‍ 70-ല്‍ 67 സീറ്റും തൂത്ത് വാരിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നത്. കേവലം മൂന്ന് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് അന്ന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ്സിനാവട്ടെ സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണം കോണ്‍ഗ്രസ്സിന്റെ നിലയിപ്പോള്‍ കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്.

നാണം കെട്ട വോട്ട് വിഹിതമാണ് കിട്ടുക എന്ന ഭയം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനുമുണ്ട്. ഡല്‍ഹി കെജരിവാളിന് അനുകൂലമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് പി.സി.ചാക്കോ തന്നെ തുറന്ന് പറഞ്ഞും കഴിഞ്ഞു. എ.ഐ.സി.സിയുടെ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ചുമതല കൈകാര്യം ചെയ്യുന്നതും ചാക്കോയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെട്ട നേതാവ് കൂടിയാണ് ചാക്കോ.ഈ നീക്കം അടിമറിച്ചത് ഷീല ദീക്ഷിത് ആയിരുന്നു. സോണിയ ഗാന്ധിയുമായുള്ള അടുപ്പമാണ് ഇതിനായി അവര്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

കെജരിവാള്‍ തോല്‍പ്പിച്ച് കളഞ്ഞതിലുള്ള രോഷമാണ് ഷീല ദീക്ഷിതിന്റെ പകക്ക് അടിസ്ഥാനമായിരുന്നത്.

ഷീലയുടെ മരണത്തോടെ വീണ്ടും സഖ്യസാധ്യത തേടണമെന്ന ആഗ്രഹം ഇപ്പോള്‍ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ്സിന് ‘കൈ’ കൊടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും തയ്യാറല്ല.

ഒറ്റയ്ക്ക് 70-ല്‍ 67 സീറ്റും നേടിയ സംസ്ഥാനത്ത് സഖ്യത്തിന് പ്രസക്തിയില്ലന്നാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സിന്റെ അവസരവാദപരമായ നിലപാടിനേയും നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്.

ബാലക്കോട്ട ആക്രമണവും ദേശീയതയും വോട്ടാക്കിയാണ് ലോകസഭയില്‍ മിന്നുന്ന വിജയം ബി.ജെ.പി നേടിയിരുന്നത്. എന്നാല്‍ ഈ ഘടകങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ല.

ശരിക്കും ഒരു രാഷ്ട്രീയ പോരാട്ടമാണിപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 5 വര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കെജരിവാള്‍ ചൂണ്ടിക്കാട്ടുന്നത്.

പറഞ്ഞ വാഗ്ദാനങ്ങളെല്ലാം പാലിച്ച ആത്മവിശ്വാസത്തിലാണ് അദ്ദേഹവും ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.70-ല്‍ 70 സീറ്റ് തന്നെയാണ് പ്രധാന ലക്ഷ്യം.

കെജരിവാളിന്റെ പോപ്പുലര്‍ പൊളിറ്റിക്‌സ് തന്ത്രമായ സൗജന്യ ജലം, സൗജന്യ വൈദ്യുതി എന്നിവയ്ക്ക് ബദലൊരുക്കാന്‍ ബി.ജെ.പിക്കും ഇതുവരെ സാധിച്ചിട്ടില്ല. എല്ലാ സബ്‌സിഡികളും നിലനിര്‍ത്തുമെന്ന കെജ്രിവാളിന്റെ പ്രഖ്യാപനവും അദ്ദേഹത്തിന്റെ ജനകീയത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയും, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവുമെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 23 പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് കെജരിവാള്‍ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

Political Reporter

Top