ഇത് മൂന്നാം ഊഴം; ഡല്‍ഹിയുടെ നായകനായി കെജ്രിവാള്‍ 16ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഹാട്രിക് വിജയം നേടി ഡല്‍ഹി പിടിച്ചെടുത്ത അരവിന്ദ് കെജ്രിവാള്‍ ഈ മാസം 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

അഭിമാന വിജയം നേടിയതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആം ആദ്മി പാര്‍ട്ടി ഊര്‍ജിതമാക്കി. പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണു നീക്കം. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷി മെര്‍ലേന, ഓഖ്‌ല മണ്ഡലത്തില്‍ നിന്നു വിജയിച്ച അമാനത്തുള്ള ഖാന്‍, രാജേന്ദ്രനഗറില്‍ നിന്നു നിയമസഭയിലെത്തുന്ന രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തിയേക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖം മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അതിഷി വിദ്യാഭ്യാസ മന്ത്രിയാകാനാണു സാധ്യത.മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. മൂന്നില്‍ നിന്നും 8 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ. അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

Top