ഐപിഎൽ; പഞ്ചാബിനെതിരെ പരാജയപ്പെട്ട് ഡല്‍ഹി ടൂർണമെന്റില്‍ നിന്ന് പുറത്ത്

ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്ത്. 168 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ക്യാപിറ്റല്‍സിന് 20 ഓവറില്‍ 8 വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണർ നല്‍കിയ തുടക്കം മറ്റ് ബാറ്റർമാർ മുതലാക്കാന്‍ മറന്നപ്പോള്‍ നാല് വിക്കറ്റുമായി ഹർപ്രീത് ബ്രാറും രണ്ട് പേരെ വീതം പറഞ്ഞയച്ച് നേഥന്‍ എല്ലിസും രാഹുല്‍ ചഹാറും പഞ്ചാബിന് 31 റണ്‍സിന്റെ ജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി ആറാമതെത്തിയപ്പോള്‍ അവസാന സ്ഥാനത്ത് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടൂർണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി. സ്കോർ: പഞ്ചാബ് കിംഗ്സ്- 167/7 (20), ഡല്‍ഹി ക്യാപിറ്റല്‍സ്- 136/8 (20).

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ് 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സെടുത്തു. വിക്കറ്റ് കൊഴിച്ചിലിനിടയില്‍ ഒറ്റയ്‌ക്ക് പൊരുതി തന്റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന് കരുത്തായത്. പ്രഭ്‌സിമ്രാന്‍ 65 പന്തില്‍ 10 ഫോറും 6 സിക്‌സറും സഹിതം 103 റണ്‍സെടുത്തു. 20 റണ്‍സെടുത്ത സാം കറനാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. 11 നേടിയ സിക്കന്ദര്‍ റാസയും കൂടിയേ രണ്ടക്കം കണ്ടുള്ളൂ. നായകന്‍ ശിഖര്‍ ധവാന്‍ ഏഴില്‍ മടങ്ങി. ഇഷാന്ത് ശര്‍മ്മ രണ്ടും അക്‌സര്‍ പട്ടേലും പ്രവീണ്‍ ദുബെയും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ സീസണില്‍ ഇതുവരെ കാണാത്ത തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ‍് വാര്‍ണറും ഫിലിപ് സാള്‍ട്ടും ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത്. വാര്‍ണര്‍ തുടക്കത്തിലെ ടോപ് ഗിയറിലായപ്പോള്‍ പവര്‍പ്ലേയില്‍ ടീം വിക്കറ്റ് നഷ്‌ടമില്ലാതെ 65ലെത്തി. ഇതിന് ശേഷം ഏഴാം ഓവറിലെ രണ്ടാം പന്തില്‍ സാള്‍ട്ടിനെ(17 പന്തില്‍ 21) ബൗള്‍ഡാക്കി ഹര്‍പ്രീത് ബ്രാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വാര്‍ണര്‍ 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഇതിന് ശേഷം ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും ചേര്‍ന്ന് ക്യാപിറ്റല്‍സിനെ കറക്കിയിടുന്നതാണ് കണ്ടത്. 27 പന്തില്‍ 54 റണ്‍സെടുത്ത വാര്‍ണറെയും 5 പന്തില്‍ അഞ്ച് റണ്‍സ് നേടിയ റൈലി റൂസ്സോയേയും അക്കൗണ്ട് തുറക്കും മുമ്പ് മനീഷ് പാണ്ഡെയേയും ബ്രാര്‍ പുറത്താക്കി. മിച്ചല്‍ മാര്‍ഷ്(4 പന്തില്‍ 3), അക്‌സര്‍ പട്ടേല്‍(2 പന്തില്‍ 1) എന്നിവരെ രാഹുല്‍ ചഹാറും പറഞ്ഞയച്ചു.

ഇതോടെ ഒരവസരത്തില്‍ 6.2 ഓവറില്‍ 69-1 എന്ന നിലയിലായിരുന്ന ക്യാപിറ്റല്‍സ് 10.1 ഓവറില്‍ 88-6 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായി. ഇതിന് ശേഷം അമാന്‍ ഹക്കീം ഖാനും(18 പന്തില്‍ 16), പ്രവീണ്‍ ദുബെയും(20 പന്തില്‍ 16) പൊരുതാനുള്ള ശ്രമം നടത്തിയെങ്കിലും ഇരുവരേയും നേഥന്‍ എല്ലിസ് പുറത്താക്കിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 20 ഓവറും പൂർത്തിയാകുമ്പോള്‍ കുല്‍ദീപ് യാദവും(10*), മുകേഷ് കുമാറും(6*) പുറത്താവാതെ നിന്നു. പഞ്ചാബിനായി തകർപ്പന്‍ സെഞ്ചുറി നേടിയ പ്രഭ്സിമ്രാനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Top