കൊറോണ; പ്രത്യേക ചികിത്സാ സൗകര്യം വേണം: കെജ്രിവാളിന് കത്തയച്ച് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ആരോഗ്യപ്രവര്‍ത്തകരിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശങ്കയറിയിച്ച് കത്തയച്ച് ഡോക്ടര്‍മാര്‍.

മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേക ആശുപത്രി വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്.

വിവിധ ആശുപത്രികളിലെ നിരവധി ഡോക്ടര്‍മാര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചു. ഈ പട്ടിക വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനിടയില്‍ ആരോഗ്യ സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടേറിയതായിരിക്കും’ കത്തില്‍ അറിയിച്ചു.

രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും മറ്റുഹോട്ടലുകളും ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ക്ക് നീക്കിവെച്ചിരിക്കുകയാണ്. ഈ പോരാട്ടത്തിലെ മുന്നിര പോരാളികളായ ഞങ്ങളുടെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സാധ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കോവിഡ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അവരുടെ കുടുംബങ്ങളുടേയും ചികിത്സക്കായി ഡല്‍ഹി സര്‍ക്കാര്‍ മൂന്ന് ഹോട്ടലുകള്‍ നീക്കിവെച്ച പശ്ചാത്തലത്തിലാണ് തങ്ങള്‍ക്കും സമാന സൗകര്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുള്ളത്.

മൂന്ന് ഹോട്ടലുകളിലായി 170 റൂമുകളാണ് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചികിത്സക്കും ക്വാറന്റൈനുമായി നീക്കിവെച്ചത്. ഗുരുതരമായി പ്രശ്‌നങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റാനുമാണ് ഉത്തരവ്.

Top