മൃഗസംരക്ഷണപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹിയില്‍ അക്രമം

ന്യൂഡല്‍ഹി: മൃഗസംരക്ഷണപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹിയില്‍ അക്രമം. തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണു പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കേസെടുത്തതായി പൊലീസ് അറിയിച്ചു.

മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുെട അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്.

പ്രദേശത്തെ തെരുവുനായ്കളെ സഹായിക്കാനായെത്തിയ തന്നെയും സഹപ്രവര്‍ത്തകരെയും പ്രദേശവാസികള്‍ മര്‍ദിച്ചതായി സംഘടനയുടെ സ്ഥാപകയും മുഖ്യപ്രവര്‍ത്തകയുമായ അയേഷ ക്രിസ്റ്റിന അറിയിച്ചു. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരൈയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.
മിണ്ടാപ്രാണികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിയെ നിഷ്ഠൂരമായി മര്‍ദിച്ചത് തികച്ചും അപമാനകരമാണെന്ന് സ്വാതി മലിവാല്‍ അഭിപ്രായപ്പെട്ടു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top