വായുമലിനീകരണ നിയന്ത്രണം; ഡല്‍ഹിയുമായി കൈ കോര്‍ത്ത് ഉത്തര്‍പ്രദേശ്‌

നോയിഡ: ഡല്‍ഹി മലിനീകരണം തടയാന്‍ നിര്‍ണ്ണായക ചുവടുവയ്പ്പുകളുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. നവംബര്‍ ഒന്നു മുതല്‍ പത്തു വരെയുള്ള കാലഘട്ടത്തിലായിരിക്കും നിര്‍മ്മാണം നിര്‍ത്തി വയ്ക്കുക. കോള്‍, ബയോമാസ്സ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ നിന്നുണ്ടാകുന്ന മലിനീകരണത്തോത് കൃത്യമായി രേഖപ്പെടുത്താനും ഇത് സഹായിക്കും.

ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു കൊണ്ട് മാത്രമേ ഇനി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായി നടപ്പാക്കണമെന്ന് മീററ്റിലെയും സഹാറന്‍പുരിലെയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യുപി ചീഫ് സെക്രട്ടറി അറിയിച്ചു.

ജ്വലനം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണമാണ് ഡല്‍ഹിയില്‍ ഏറ്റവും അധികം ഭീഷണി ഉണ്ടാക്കുന്നത്. ട്രാഫിക്ക് പൊലീസിനും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണമാണ് രാജ്യ തലസ്ഥാനത്തെ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത എല്ലാവര്‍ക്കും പിഴ ചുമത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥസംഘം ഡല്‍ഹി സര്‍ക്കാരും നഗരത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ദീപാവലി അടുത്തിരിക്കേ വരും ദിവസങ്ങളില്‍ മലീനീകരണം കൂടുമെന്നാണ് മുന്നറിയിപ്പ്. വായു ഗുണനിലവാര സൂചിക 400 കടന്നതോടെ ഡല്‍ഹിയിലെ മലീനീകരണതോത് അതീവ ഗുരുതരാവസ്ഥയിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ വ്യാപകമായി കത്തിക്കുന്നതും പുലര്‍ച്ചെയുള്ള പുകമഞ്ഞുമാണ് മലിനീകരണത്തിന്റെ പ്രധാന കാരണം.

കാറ്റിന്റെ ഗതി മാറ്റം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുക കൂടുതലായി ഡല്‍ഹിയില്‍ എത്താന്‍ കാരണമാകുന്നുണ്ട്. മലിനീകരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്. വനം പരിസ്ഥിതി മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ദൗത്യസേനയിലുണ്ട്. 44 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന.

Top