മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതു കൊണ്ട് ഞങ്ങള്‍ ഭാഗ്യവാന്‍മാര്‍; പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി:ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്. ജനങ്ങള്‍ക്ക് പുറത്തിങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലേത്. അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ വായുമലിനീകരണത്തില്‍ അമര്‍ഷം അറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും രംഗത്ത് വന്നിരിക്കുകായണ്.

എയര്‍ പ്യൂരിഫയര്‍ ഘടിപ്പിച്ച മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു കൊണ്ടാണ് താരം മലിനീകരണത്തില്‍ ആശങ്ക അറിയിച്ചത്. ‘ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലാണ്. ഇവിടെ ചിത്രീകരണം ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതു കൊണ്ട് ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. വീടു പോലുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക’. പ്രിയങ്ക കുറിച്ചു.

മലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയും രംഗത്ത് വന്നിട്ടുണ്ട്.ഡല്‍ഹിയിലെ വായു മലിനീകരണം പരിശോധിക്കവേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീകോടതി ഉന്നയിച്ചത്. ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ രാജ്യം മുമ്പ് അനുഭവിച്ച പഴയ അടിയന്തരാവസ്ഥകളെക്കാള്‍ മോശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞത്.

തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ മലിനീകരണത്തോത് 437 ആയിരുന്നു. ഞായറാഴ്ച നാല് മണിയോടെ അത് 494ലെത്തി. ഡല്‍ഹിയിലെ 46 ശതമാനം മലിനീകരണത്തിനും കാരണം പാടങ്ങളിലെ വൈക്കോല്‍ കത്തിക്കുന്നതാണ്.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹിയില്‍ ഗതാതഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.

ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ. ഒറ്റ അക്ക നമ്പറുകള്‍ക്ക് നാളെ നിരത്തുകളിലിറങ്ങാം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബര്‍ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല.

വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്.

Top