ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായി; 131 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു

ന്യൂഡൽഹി : ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിർത്ത് വോട്ട് ചെയ്തത് 102 പേരും. ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികൾക്കും എഎപിക്കുമെതിരെ കടുത്ത വിമർശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. അമിത് ഷാ തന്നെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.

ഡൽഹി ഭരണ നിയന്ത്രണ ബിൽ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ‘‘ഡൽഹി ഭരണനിയന്ത്രണ ബിൽ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബിൽ’’ – അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴാണ് ഈ ബിൽ ആദ്യമായി കൊണ്ടുവന്നതെന്നും അതിൽനിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നെ കൊണ്ടുവന്ന ബില്ലിനെതിരെയാണ് അവർ ഇപ്പോൾ ആം ആദ്മി പാർട്ടിയോടു ചേർന്ന് എതിർക്കുന്നത്. കോൺഗ്രസ് ഇപ്പോൾ എഎപിയുടെ മടിയിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർക്കാർ അഴിമതിക്കേസുകളുടെ ഫയൽ നശിപ്പിക്കാൻ ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതി നിർമാണം, മദ്യനയ അഴിമതി എന്നീ ഫയലുകൾ നശിപ്പിക്കാൻ നീക്കമുണ്ടായി. ഡൽഹി സർക്കാരിന്റെ അഴിമതി ഇല്ലാതാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ അറിയിച്ചു. എൻഡിഎ സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നത് അടിയന്തരാവസ്ഥ നടപ്പിലാക്കാൻ അല്ലെന്നും കോൺഗ്രസിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ കഴിഞ്ഞ ആഴ്ച ബിൽ ലോക്സഭയിൽ പാസായിരുന്നു.

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ ഈ വിധി മറികടക്കാനാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവന്നത്.

ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാൻ പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) മേയ് 19നാണ് സർക്കാർ അവതരിപ്പിച്ചത്. പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.

Top