ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍കൂട്ടം തല്ലിക്കൊന്നു

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍കൂട്ടം തൂണില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ഇസ്റാര്‍ അഹ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നന്ദ് നഗരി പ്രദേശത്ത് കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ കൊലപാതകത്തിനുപിന്നില്‍ വര്‍ഗീയമായ ഘടകങ്ങളില്ലെന്ന് പോലീസ് അറിയിച്ചു.

ആളുകള്‍ വടികളുപയോഗിച്ച് ഇസ്‌റാറിനെ മാറിമാറി ക്രൂരമായി മര്‍ദിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ കാണാം. വേദനകൊണ്ട് പുളഞ്ഞ യുവാവ് കേണപേക്ഷിച്ചിട്ടും മര്‍ദനം തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മര്‍ദനമേറ്റ് അവശനായ മകനെ അയല്‍ക്കാരനാണ് വീട്ടിലെത്തിച്ചതെന്ന് ഇസ്‌റാറിന്റെ പിതാവ് അബ്ദുല്‍ വാജിദ് പറഞ്ഞു. താന്‍ വീട്ടിലെത്തിയപ്പോള്‍ മകന്റെ ശരീരത്തില്‍ മുഴുവന്‍ ആളുകള്‍ മര്‍ദിച്ചതിന്റെ പാടുകളായിരുന്നു. മകനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയുന്നതിന് മുന്‍പുതന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു.

”താന്‍ ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ മകന്‍ പുറത്തുകിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് തന്നെ പിടികൂടി തൂണില്‍ കെട്ടി വടികൊണ്ട് മര്‍ദിക്കുകയായിരിക്കുന്നുവെന്നാണ് ഇസ്റാര്‍ പറഞ്ഞത്. മോഷണം ആരോപിച്ചായിരുന്നു മര്‍ദനം. അക്രമികള്‍ സമീപപ്രദേശത്തുകാരാണെന്നാണ് മകന്‍ തന്നോട് പറഞ്ഞത്,” വാജിദ് പോലീസിനോട് പറഞ്ഞു.

സംഭവത്തിനുപിന്നില്‍ വര്‍ഗീയവിദ്വേഷമില്ലെന്നും പല വിഭാഗത്തില്‍ നിന്നുള്ളവര്‍ അക്രമികളുടെ കൂട്ടത്തിലുണ്ടെന്നും പോലീസ് പറഞ്ഞു. കേസെടുത്തതായും പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും മറ്റുള്ളവരെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി.

Top