കാര്‍ഷിക രംഗത്തെ സാങ്കേതിക വിദ്യ പഠിക്കാന്‍ ഇസ്രായേലില്‍ പോയ ഇന്ത്യന്‍ സംഘം തിരിച്ചെത്തി

റാഞ്ചി: കാര്‍ഷിക രംഗത്തെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നതിനായി ജാര്‍ഖണ്ഡില്‍ നിന്നുള്ള സംഘം ഇസ്രയേലില്‍ പോയി. 26 അംഗങ്ങളടങ്ങിയ സംഘമാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പോയത്. ആഗസ്റ്റ് 26നാണ് സന്ദര്‍ശനം തുടങ്ങിയത്. ജലസേചനം, പുതിയ ഉപകരണങ്ങള്‍ പരിചയപ്പെടുക, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇസ്രയേലിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് നിരവധി പരിശീലന പരിപാടികളും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് സംഘത്തെ അനുഗമിച്ചത്. കളനശീകരണം, കൃഷി രംഗത്ത് പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതായി കര്‍ഷക സംഘം പറഞ്ഞു.

ലക്ഷങ്ങളെക്കുറിച്ചും കോടികളെക്കുറിച്ചുമാണ് മറ്റ് രാജ്യക്കാര്‍ സംസാരിക്കുന്നതെന്നും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആയിരങ്ങളില്‍ ഒതുങ്ങുന്ന പദ്ധതികളെക്കുറിച്ച് മാത്രമാണ് ഇപ്പോഴും ആശങ്കയെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹെക്ടര്‍ കണക്കിന് സ്ഥലത്ത് ജലസേചനത്തെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ പറയുമ്പോള്‍ നമുക്കുള്ളത് ഏക്കറുകള്‍ മാത്രമാണെന്നും ഇന്ത്യന്‍ കര്‍ഷകര്‍ പറയുന്നു.
സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കാമെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ നിലപാട്.

Top